മെസ്യൂട്ട് ഓസിൽ- ജര്‍മനിയുടെ 'ജിന്ന്'

Web Desk |  
Published : May 29, 2018, 04:26 PM ISTUpdated : Jun 29, 2018, 04:04 PM IST
മെസ്യൂട്ട് ഓസിൽ- ജര്‍മനിയുടെ 'ജിന്ന്'

Synopsis

ഗോൾഡൻ ബോള്‍ അവാർഡിന് നോമിനേറ്റ് ചെയ്ത താരത്തെ ലോകകപ്പിന് ശേഷം മൗറിഞ്ഞോ റയൽ മാഡ്രിഡിലെത്തിച്ചു. ഗോൾ അടിക്കുന്നതിനെക്കാൾ ഗോൾ അടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ആ നീളൻ മുടിക്കാരൻ പയ്യൻ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രിയപ്പെട്ട കൂട്ടായിരുന്നു

ഫുട്ബാള്‍ ലോകം അറ്റാക്കർമാരുടേതാണ് എന്നാണ് വെപ്പ്. ഗോളടിക്കുന്ന താരങ്ങള്‍ക്ക് പിന്നാലെയാണ് ആരാധകരും കളി എഴുത്തുകാരുമൊക്കെ സഞ്ചരിക്കുക. പക്ഷെ ചിലർ ഗോൾ പോസ്റ്റിൽ നിന്നും, ചിലർ പ്രതിരോധത്തിൽ നിന്നും, ചിലർ കളിമെനയുന്ന മധ്യനിരയിൽ നിന്നുമൊക്കെ അത്ഭുതങ്ങള്‍ കാണിക്കാറുണ്ട്. '2002 ലെ കൊറിയ- ജപ്പാൻ ലോകകപ്പിൽ ജർമൻ വലയ്ക്കുമുന്നിൽ ഇരുക്കുപോലെ ഉറച്ചുനിന്ന് ചരിത്രത്തില്‍ ആദ്യമായി ഗോൾഡൻ ബോൾ നേടിയ ഗോൾകീപ്പർ ഒലിവർ ഖാൻ. 2006 ലെ ജർമ്മൻ ലോകകപ്പിൽ ഇറ്റാലിയൻ പ്രധിരോധത്തെ കോട്ടകെട്ടി കാത്ത ഫാബിയോ കന്നവാരോ. 2010 ൽ സ്പാനിഷ് എഞ്ചിൻ ആന്ദ്രേ ഇനിയേസ്റ്റ. 2014 ലോകകപ്പിൽ അർജന്‍റീനയുടെ മധ്യനിരയും പ്രതിരോധത്തിലും കളം നിറഞ്ഞുകളിച്ച ജാവിയർ മഷ്കരാനോ. ഈ നിരയിലെ ഒടുവിലത്തെ പേരാണ് മെസ്യൂട്ട് ഓസിൽ...

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിൽ മിഷേൽ ബല്ലാക്ക് എന്ന ജർമൻ സൈന്യാധിപനെ ചുറ്റിപ്പറ്റിയായിരുന്നു ജർമനിയുടെ പ്രതീക്ഷകൾ. എന്നാല്‍ അപ്രതീക്ഷിതമായി ബല്ലാക്കിന് പരിക്കേറ്റതോടെ ജർമനിയുടെ സ്വപ്നങ്ങള്‍ അവസാനിച്ചു എന്നാണ് ഫുട്ബാള്‍ നിരീക്ഷകർ വിലയിരുത്തിയത്. പരിശീലകനായ ജോക്കീം ലോ പോലും ക്വാർട്ടറിനപ്പുറം ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല എന്ന് പരസ്യമായി അഭിപ്രായപ്പെട്ടു. എന്നാൽ ആരാധകരെയും പരിശീലകനെയും അത്ഭുതപ്പെടുത്തി ജർമ്മനി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടൂർണ്ണമെന്‍റിൽ കൂടുതൽ ഗോളുകൾക്ക് വഴി ഒരുക്കിയ മെസ്യൂട്ട് ഓസിൽ എന്ന താരത്തെ അടയാളപ്പെടുത്തിയ ലോകകപ്പായി അത് മാറി.  

" ഗോളിലേക്കുള്ള എന്‍റെ നീക്കങ്ങളെ കൂടുതല്‍ നന്നായി അറിയാവുന്നവനാണ് ഓസിൽ "

ഗോൾഡൻ ബോള്‍ അവാർഡിന് നോമിനേറ്റ് ചെയ്ത താരത്തെ ലോകകപ്പിന് ശേഷം മൗറിഞ്ഞോ റയൽ മാഡ്രിഡിലെത്തിച്ചു. ഗോൾ അടിക്കുന്നതിനെക്കാൾ ഗോൾ അടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ ആ നീളൻ മുടിക്കാരൻ പയ്യൻ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്രിയപ്പെട്ട കൂട്ടായിരുന്നു. മൗറീഞ്ഞോക്ക് ശേഷം മാഡ്രിഡിൽ എത്തിയ ആഞ്ചലോട്ടി താരത്തെ പണത്തിനായി വിൽക്കാന്‍ തീരുമാനിച്ചപ്പോൾ അതിനെതിരെ റൊണാൾഡോയും റാമോസുമടക്കമുള്ള താരങ്ങള്‍ പരസ്യമായി ക്ലബിനെതിരെ രംഗത്തെത്തി. "ഗോളിലേക്കുള്ള എന്‍റെ നീക്കങ്ങളെ കൂടുതല്‍ നന്നായി അറിയാവുന്നവനാണ് ഓസിൽ" എന്നാണ് റൊണാൾഡോ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്. പക്ഷെ റയൽ മാഡ്രിഡിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുകക്ക് വിൽക്കപ്പെട്ട താരമായി ഓസിൽ ട്രാന്‍സ്ഫര്‍ വിപണിയിലെ മിന്നും താരമായി മാറി. ആർസണലിൽ എത്തിയ താരം ക്ലബിന്‍റെ ചരിത്രത്തിൽ വിലപിടിപ്പുളള താരമായിരുന്നു. അന്ന് ചെൽസിയുടെ പരിശീലകനായ മൗറീഞ്ഞോ ഓസിലിന്‍റെ ട്രാൻസ്ഫറിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു- "വെങ്ങർ ഹൈജാക്ക് ചെയ്തത് ഒരു ട്രാൻസ്ഫർ മാത്രമല്ല, എന്‍റെ പ്രീമിയർ ലീഗിലെ തന്ത്രങ്ങളെക്കൂടിയാണ്, അസാമാന്യമായ പ്രതിഭയുള്ള താരമാണ് അദ്ദേഹം" വെങ്ങറുടെ പ്രതീക്ഷകർ തെറ്റിയില്ല ഒമ്പത് വർഷത്തെ കിരീട ദാരിദ്ര്യം അവസാനിപ്പിച്ചു കൊണ്ട് 2014 എഫ്എ കപ്പ് ക്ലബിന്‍റെ ഷെൽഫിലെത്തിച്ചു. അതോടെ വെങ്ങറുടെ പ്രിയപ്പെട്ടവനായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വേഗത്തിൽ 50 ഗോളുകൾക്ക് അസിസ്റ്റ് നൽകിയ താരമെന്ന റെക്കോഡും ഓസിൽ സ്വന്തം പേരിൽ കുറിച്ചിട്ടു.

ഓസിൽ എന്ന പ്രതിഭക്ക് പൂർണ്ണത കൈവന്ന ടൂർണ്ണമെന്‍റായിരുന്നു 2014 ലോകകപ്പ്. പ്രീ-ക്വാർട്ടറിൽ എക്സ്ട്രാ ടൈമിലേക്ക് കളി നീണ്ടപ്പോൾ അൽജീരിയക്കെതിരെ ഓസിലിന്‍റെ ബുള്ളറ്റ് ഷോട്ടായിരുന്നു ജർമനിക്ക് മുന്നോട്ടുള്ള വഴി തെളിയിച്ചത്. സെമിയിൽ ബ്രസീലിനെതിരെ മാത്രം ഗോൾ നേടാനുള്ള നാല് അവസരങ്ങളാണ് അദ്ദേഹം പാസ് നൽകി നഷ്ടപ്പെടുത്തിയത്. 

ഓസിൽ അങ്ങനെയാണ്. അലാവുദ്ദീന്‍റെ അത്ഭുതവിളക്കിലെ ഉസൂറിനെപ്പോലെ പരിശീലകന്‍റെ തന്ത്രങ്ങള്‍ ഗ്രൗണ്ടിൽ നടപ്പാക്കുന്ന ഒരു ജിന്ന്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽദോസ് കുന്നപ്പിള്ളിയോട് 'പ്രതികാരം' തീർത്തു; എംഎൽഎ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; ഭാര്യയെ നഗരസഭാ ചെയർപേഴ്‌സണാക്കാത്തത് കാരണം
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും, ആംബുലൻസ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്