
ബലെ ഹൊറിസോണ്ടയിലെ ആ രാവിൽ സ്വന്തം കാണികൾക്കുമുന്നിൽ നിസ്സഹരായി ബ്രസീലുകാർ കൈയുയർത്തി നിന്നു. ജർമൻ ടാങ്കറിന് കനിവുതോന്നിയില്ല. തുരുതുരെ പ്രഹരിച്ചത് ഏഴ് തീയുണ്ടകൾ. ഗാലറിയിൽ പറന്ന ബ്രസീൽ പതാകൾക്കുമേൽ സ്വന്തം നാട്ടിൽ ജർമനിയുടെ ത്രിവർണ്ണപതാക പാറിപ്പറന്നു. കരഞ്ഞുചുവന്ന മുഖവുമായി കാണികളോട് മാപ്പുപറഞ്ഞ് ഗ്യാലറിയിലേക്ക് തിരിച്ചുനടന്ന ഡേവിഡ്ലൂയിസിന്റെ മുഖം മറക്കാനാവുമോ കാനറികൾക്ക്? പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും പട്ടിണി മറന്ന്തുകൽപന്തിൽ ജീവശ്വാസം നിറച്ച് നേടിയെടുത്ത ലോകഫുട്ബോളിലെ രാജാക്കൻമാരെന്ന പദവി ഒരൊറ്റ രാത്രികൊണ്ട്ചവിട്ടിയരച്ച ജർമനിയോട് ലോകവേദിയിൽവെച്ചുതന്നെ പകരം ചോദിക്കേണ്ടേ? ജർമനി പ്രീക്വാർട്ടറിൽ തന്നെ ബ്രസീലിനെ എതിരിടാനുള്ള സാധ്യതകൾ ഏറെയാണ്. അതുണ്ടായില്ലെങ്കിൽ മുന്നോട്ടുള്ള പാതയിൽ എവിടെയെങ്കിലും വീണ്ടും കാനറികൾക്കു മുന്നിൽ ജർമൻടാങ്കർ നങ്കൂരമിടും. സഫ്‌വാൻ റാഷിദ്പുല്ലാണി എഴുതുന്നു...
ജർമൻ ടാങ്കറുകള്‍ക്ക് മുന്നിൽ എത്ര മനോഹര സ്വപ്‌നങ്ങളുടെ കൂമ്പാരങ്ങളാണ് അരഞ്ഞുപോയിട്ടുള്ളത്. 1954ലെ മാന്ത്രികരായ മാഗ്യാറുകൾ, 1974ൽ ടോട്ടൽ ഫുട്ബോളുമായി അവതരിച്ച ജൊഹാൻ ക്രൈഫിന്‍റെ ഹോളണ്ട്, 1990ലെ മറഡോണുടെ അർജൻറീന, 2014 ലെ ബ്രസീൽ തുടങ്ങി ബൂട്ടുകളിൽ കവിതയും സ്വപ്‌നങ്ങളും നിറച്ചെത്തിയവരെയെല്ലാം പ്രൊഫഷണലിസം കൊണ്ട്മുട്ടുകുത്തിച്ചവരാണ് ജർമനി. തോൽവികളെ വീര്യമാക്കി വീണ്ടും വീണ്ടും കുതിച്ചുകയറുന്നവർ. 1982ലും 1986ലും കലാശപ്പോരാട്ടത്തിൽ മുട്ടുകുത്തിയെങ്കിലും തളർന്നില്ല. തൊട്ടുമുമ്പ്തോൽപിച്ച മറഡോണയുടെ അർജൻറീനയെ 1990ൽ മുട്ടുകുത്തിച്ച് ലോതർമത്തേവുസിന്‍റെ നേതൃത്വത്തിൽ കിരീടം ചൂടി കണക്ക് തീർത്തു.
ഈ ലോകകപ്പിൽ ആദ്യ മത്സരത്തിൽ മെക്സിക്കോയോട് അടിയറവ്പറഞ്ഞെങ്കിലും സ്വീഡനെതിരെയുള്ള മത്സരത്തിന്‍റെ ഇഞ്ചുറിടൈമിൽ ടോണിക്രൂസ്തൊടുത്ത മിസൈലിൽ എല്ലാമുണ്ട്. എതിരാളികളെ പ്രഹരിക്കാനായി എഞ്ചിൻ ഓണാക്കുന്ന ജർമൻടാങ്കറിന്‍റെ ഇരമ്പലാണത്. അർജൻറീനയുടെ പ്രയാണം ഇക്കുറി ത്രിശങ്കുവിലാണ്. എന്നാൽ ബ്രസീലുമായി അങ്കത്തിന്വീണ്ടും സാധ്യതകളേറെ. ജർമൻ ടാങ്കർ വെടിയുതിർത്തു തുടങ്ങും മുമ്പേ കൊത്തിപ്പറിക്കാൻ കാനറിപക്ഷികൾക്കാവുമോ?. അതോ ജർമൻ ടാങ്കറിന്‍റെ വെടിയേറ്റ് വീണ്ടും പിടഞ്ഞുവീഴുമോ കാനറിപക്ഷികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam