
എന്നും ഗോളടിക്കുന്നവരെയാണല്ലോ ആരാധക ലോകം വാഴ്ത്തിപ്പാടിയത്. അതുകൊണ്ട് തന്നെ അധികമൊന്നും ആർപ്പുവിളികൾ ഗാലറികളിൽ നിന്ന് യുവാൻ റോമൻ റിക്വൽമിക്ക് വേണ്ടി ഉയർന്നു കേട്ടില്ല. എങ്കിലും ഏതൊരു ഫുട്‌ബോൾ ആരാധകന്റെയും ഹൃദയമൈതാനിയിൽ പന്ത് ശരീരത്തോട് ചേർത്ത് പിടിച്ച് വളരെ സാവധാനം നടന്നു നീങ്ങുന്ന യുവാൻ റോമൻ റിക്വൽമിയെന്ന നീലവര കുപ്പായക്കാരന്റെ ചിത്രമുണ്ടായിരിക്കും.
മുഖത്ത് സന്തോഷമോ ഗൗരവമോ ഇല്ലാത്ത ഈ മനുഷ്യനായിരുന്നു ഒരു കാലത്ത് അർജന്റീനയുടെ കളി നിയന്ത്രിച്ചിരുന്നത്. മൈതാനത്തും പുറത്തും എന്നും മാന്യനായിരുന്ന താരം. ചതിപ്രയോഗവും ശാരീരികമായ ആക്രമണങ്ങളും ഫുട്ബോളിൽ സ്വാഭാവികമാണെന്നും അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു മുന്നേറുക എന്നതാണ് ഒരു കളിക്കാരൻറെ ഉത്തരവാദിത്വമെന്ന് ആ പ്രതിഭ ചിന്തിച്ചിരിക്കണം. അതുകൊണ്ടായിരിക്കും തന്നെ ഫൗൾ ചെയ്തു താഴെയിടുന്ന എതിരാളിയെ അദ്ദേഹം രൂക്ഷമായി ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നത്.
ആ കുഞ്ഞ് ജനിച്ച പിറ്റേ ദിവസം അർജന്റീനയുടെ തെരുവുകളാകെ ആനന്ദലഹരിയിലായിരുന്നു
ധീര വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയും സാക്ഷാൽ ലിയോണൽ മെസിയും അർജന്റീനയുടെ മണ്ണിൽ പിറന്ന് വീണത് വർഷങ്ങളുടെ ഇടവേളയിലെ ജൂൺ മാസത്തിലാണ്. 1978ലെ മറ്റൊരു ജൂണിൽ യുവാൻ റോമൻ റിക്വൽമി മാതാപിതാക്കൾക്ക് പതിനൊന്നാമനായി ജനിച്ചു. ആ കുഞ്ഞ് ജനിച്ച പിറ്റേ ദിവസം അർജന്റീനയുടെ തെരുവുകളാകെ ആനന്ദലഹരിയിലായിരുന്നു. നീലയും വെള്ളയും ചേർന്ന പതാകകൾ ആ കൊച്ചു രാജ്യത്തിന്റെ മൂക്കിലും മൂലയിലും പാറി കളിച്ചു. തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന ലോകകപ്പ് ഫൈനലിൽ അർജന്റീന ജേതാക്കളായ ദിവസമായിരുന്നു അത്. ജനിച്ച് രണ്ടാം ദിവസം തന്നെ റിക്വൽമി കണ്ടത് ലോകകീരിടം ചൂടിയ മാതൃരാജ്യത്തെയാണ്.
ഈ സമയവും റിക്വൽമി തന്റെ സ്വസിദ്ധമായ ശൈലിയിൽ നിന്നും വ്യതിചലിച്ചില്ല. ഫലമോ 2002ലെ വേൾഡ് കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ യുവാൻ റോമൻ റിക്വൽമിയുടെ സ്ഥാനം ഗാലറിയിലും സ്ക്രീനിനും മുന്നിലായി ഒതുക്കപ്പെട്ടു.
അപ്പോഴും അയാൾ ബൊക്കാ ജൂനിയേഴ്സിന് വേണ്ടി കൂടുതൽ തിളക്കമാർന്ന കളി കാഴ്ചവെച്ചു. ബാഴ്‌സലോണ അയാൾക്ക് ചുറ്റും വട്ടമിട്ടുപറക്കുകയും അയാളെ സ്വന്തമാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ യൂറോപ്പിലെ വമ്പൻ ക്ലബായ ബാഴ്സിലോണയ്ക്ക് കീഴിൽ അയാൾക്ക് കൂടുതലൊന്നും ചെയ്യാനായില്ല.
റിക്വൽമിയെന്ന താരത്തിന്റെ ശോഭ നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു പിന്നീട്. അയാൾ പലപ്പോഴും ബാഴ്സിലോണ യുടെ റിസർവ് ബെഞ്ചിലിരുന്ന് സമയം കളഞ്ഞു.
എന്നാൽ 2004ൽ ജോസ് പെക്കർമാൻ അർജന്റീനയുടെ മാനേജർ കോട്ടണിഞ്ഞപ്പോൾ റിക്വൽമി ദേശീയ ടീമിലേക്ക് തിരിച്ചെത്തി.
പെക്കർമാന്റെ കീഴിൽ ആ തണുത്തമട്ടുകാരൻ യഥാർത്ഥ പ്ലേമേക്കറായി
ബുദ്ധിമാനായ കോച്ച് റിക്വൽമിയെ മധ്യനിരയിലെ കളി നെയ്ത്തുകാരനാക്കി. കമൻററി ബോക്സിൽ നിന്ന് ഇടക്കിടെ റിക്വൽമിയുടെ പേര് ഉച്ചരിക്കപ്പെട്ടു. പാസുകളിലധികവും അയാളുടെ കാലിലൂടെ കടന്നുപോയി. മുന്നേറ്റതാരങ്ങൾ പ്രതികൂല സാഹചര്യത്തിൽ മൈനസ് പാസിലൂടെ പന്ത് റിക്വൽമിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഫ്രീകിക്കുകൾ മുഴുവൻ അയാളുടെ ചുമതലയായി. പെക്കർമാന്റെ കീഴിൽ ആ തണുത്തമട്ടുകാരൻ യഥാർത്ഥ പ്ലേമേക്കറായി. കളിക്കളത്തിന് പുറത്ത് പെക്കർമാനും കളത്തിൽ റിക്വൽമിയും തന്ത്രങ്ങൾ മെനഞ്ഞ് നടപ്പിലാക്കി.
ഗ്രാമത്തിലെ ഏതോ വീട്ടിനു മുമ്പിൽ വലിച്ചുകെട്ടിയ താർപോളിൻ ഷീറ്റിന് താഴെ ടെലിവിഷനിൽ കണ്ട കളി ഇന്നും നിരാശയോടെ മാത്രമേ ഓർക്കാൻ കഴിയൂ. ജർമനിക്കെതിരെയുള്ള നിർണായക മത്സരത്തിൽ പെക്കർമാന് പിഴച്ചു. കളി തീരുംമുമ്പെ അദ്ദേഹം റിക്വൽമിയെ പിൻവലിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന തോൽക്കുന്നത് ദയനീയമായി നോക്കി നില്ക്കാൻ മാത്രമേ റിക്വൽമിയെന്ന നായകന് സാധിച്ചുള്ളൂ. അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ലോകകപ്പിന് ആ തോൽവിയോടെ ലാസ്റ്റ് വിസിൽ മുഴങ്ങി. ലോകകപ്പിന് ശേഷം വിമർശനങ്ങളുടെ കൂരമ്പ് ആ നായകനെ വേട്ടയാടി.
"എന്റെ അമ്മ എൻറേത് മാത്രമാണ്, അർജന്റീനയുടെ കുപ്പായത്തിനോടോ മറ്റെന്തെങ്കിലുമായോ എനിക്കവരെ താരതമ്യം ചെയ്യാനാവുകയില്ല"
കളിക്കളത്തിൽ ശാന്തനായിരുന്ന അദ്ദേഹം വിമർശനങ്ങളോട് പൊട്ടിത്തെറിച്ചു. ഒരുപക്ഷേ അത്രയധികം ആത്മാർത്ഥയോടെ കളിച്ചതുകൊണ്ടായിരിക്കണം വിമർശനങ്ങളെ അയാൾ കളിക്കളത്തിലെ വീഴ്ചകളെപോലെ ഉൾക്കൊള്ളുകയുണ്ടായില്ല. ഒരു സുപ്രഭാതത്തിൽ റിക്വൽമി തന്റെ രാജി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ആ തീരുമാനം ആരാധകരെ ഞെട്ടിച്ചു. അമ്മയുടെ അസുഖം കൂടുതലായി വരികയാണെന്നും താനിപ്പോൾ അവരോടൊപ്പമാണ് കഴിച്ചുകൂട്ടേണ്ടതെന്നും അയാൾ പറഞ്ഞു. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ റിക്വൽമി പറഞ്ഞ വാക്കുകളിതാണ്: "എന്റെ അമ്മ എൻറേത് മാത്രമാണ്. അർജന്റീനയുടെ കുപ്പായത്തിനോടോ മറ്റെന്തെങ്കിലുമായോ എനിക്കവരെ താരതമ്യം ചെയ്യാനാവുകയില്ല".
ഓർമയിൽ സൂക്ഷിക്കാൻ ആ സ്വർണമെഡൽ കാലം അയാൾക്ക് വേണ്ടി കരുതിവെച്ചതായിരിക്കണം. 2015ൽ യുവാൻ റോമൻ റിക്വൽമിയെന്ന പ്ലേമേക്കർ പുൽത്തകിടിയോട് വിട പറഞ്ഞു. കിരീട നേട്ടങ്ങളുടെയോ, മുൻനിര താരങ്ങളുടെയോ, ഗോളടി വീരൻമാരുടെയോ പട്ടികയിൽ റിക്വൽമിയെ കാണാൻ സാധിച്ചെന്ന് വരില്ല.
പക്ഷേ അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ച ഓരോ ആരാധകന്റെയും ഹൃദയമൈതാനത്തിൽ വളരെ സാവധാനം യുവാൻ റോമൻ റിക്വൽമിയെന്ന നീല കുപ്പായക്കാരൻ പന്തും ചേർത്ത് പിടിച്ച് നടന്നുനീങ്ങുന്നുണ്ടാവും ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam