
മനസിലിപ്പോഴും അതിന്റെ മാറ്റൊലികള്‍ മുഴങ്ങുന്നുണ്ട്. സിനദീന്‍ സിദാന്‍ എന്ന ഫുട്‌ബോള്‍ ഇതിഹാസം തന്റെ മിനുമിനുത്ത മൊട്ടത്തല കൊണ്ട് അസൂറിപ്പടയാളി മാർക്കോ മറ്റരാസിയുടെ നെഞ്ചിന്‍കൂടില്‍ "ഹെഡ്' ചെയ്‌ത് പഠിച്ച രാത്രി. പുറത്തെ കൂരാകൂരിട്ടിനെ വകഞ്ഞ് മാറ്റി, കുറുനരികളുടെ ഓരിയിടലിനെ വകവെക്കാതെ, സ്വന്തം നിഴലനങ്ങുന്നത് കണ്ടാല്‍ പോലും പേടിക്കുന്ന ഒരു പത്ത് വയസുകാരന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് ആവേശത്തോടെ കയറിച്ചെന്ന് അധികപ്പറ്റായത് അയാളുടെ കളി കാണുവാന്‍ വേണ്ടി മാത്രമായിരുന്നു.
എല്ലാവരും തള്ളിക്കളഞ്ഞ 'ഓള്‍ഡ് ഏജ് ഹോമിനെ' അയാള്‍ മുന്നില്‍ നിന്ന് നയിച്ചു, വിജയങ്ങള്‍ വെട്ടിപ്പിടിച്ചു, പണ്ടും അതാണല്ലോ ശീലം. ലോകം കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന്. തീർച്ചയായും, വിരമിച്ച് വീട്ടിലിരിക്കുന്ന കളിക്കാരന്റെ ഭൂതകാല ചരിത്രം എത്ര മഹത്തരമായാലും, അഴിച്ചുവെച്ച പഴയ ഗോള്‍ഡന്‍ ബൂട്ടിന്റെ ഓരോ ലെയ്‌സുകളിലും പ്രായവും പ്രതിഭയും ചളി പുരണ്ട് ഇനി കഴുകിക്കളയാനാവാത്തവിധം ഒട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ അതൊരിക്കല്‍ കൂടി എടുത്തണിയാന്‍ ആരുമൊന്ന് മടിക്കും. എന്നാല്‍ കളിച്ച ഓരോ സെക്കന്റുകളിലും സ്‌ഥിരതയുടെ അപ്പോസ്‌തലനായി മാറിയ ഒരു ഓള്‍ ടൈം ഗ്രേറ്റ് പ്ലെയറിനെ സംബന്ധിച്ചിടത്തോളം അത് പൂപറിക്കുന്ന പോലെ ഈസിയായിരുന്നു, അല്ല, അയാളിലെ പ്രതിഭ ലോകത്തെ അങ്ങനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വേണം കരുതാന്‍.
അവരയാളെ ഹൃദയത്തിന്റെ "വടക്ക് കിഴക്കേ അറ്റത്ത്' പ്രതിഷ്‌ഠിച്ചു, അവിടെയിനി മറ്റാർക്കും സ്‌ഥാനമില്ല
ഫ്രാന്‍സിന് സിദാനെ ആവശ്യമായിരുന്നു, തുറാമിഌം മക്കലേലക്കുമൊപ്പം അയാള്‍ തിരിച്ച് വരവിന്റെ ബൂട്ടണിഞ്ഞു. യോഗ്യതാ റൗണ്ടില്‍ തപ്പിത്തടഞ്ഞ ഒരു ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. 34-ാം വയസിലും ലോകം വാനോളം വാഴ്‌ത്തിയ കേളീചാരുതയ്‌ക്ക് യാതൊരു മങ്ങലുമേറ്റിരുന്നില്ല. ഫൈനലിന് മുന്നേ തന്നെ ഗോള്‍ഡന്‍ബോളിന് എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു സിദാന്‍. കാർമേഘത്തിന്റെ ഗർജ്ജനം മാനംകീറി മഴയായി പൊഴിയുന്ന പോലെ, സിദാന്‍ തന്റെ ബൂട്ടുകള്‍ കൊണ്ട് തഴുകി വിടുന്ന പന്തുകള്‍ കാല്‍പന്താരാധകരുടെ മനസില്‍ കുളിർമഴയായി പെയ്‌ത് നിറഞ്ഞു, ആ മഴയില്‍ തളിർത്ത് പൂത്തത് ഒരു ജനതയുടെ സ്വപ്‌നമായിരുന്നു അവരയാളെ ഹൃദയത്തിന്റെ 'വടക്ക്- കിഴക്കേ അറ്റത്ത്' പ്രതിഷ്‌ഠിച്ചു, അവിടമിനി മറ്റാർക്കും സ്‌ഥാനമില്ല.
അധികസമയത്തിന്റെ 110-ാം മിനിറ്റില്‍ മറ്റരാസിയുടെ നാവ് പിഴുതെടുക്കുവാന്‍ മാത്രം ജ്വലിച്ച് കത്തുകയായിരുന്നു അയാളുടെ മനസ്. ശരീരമാകെ രക്‌തം കുതിച്ചൊഴുകിയ നിമിഷം, 98ല്‍ രണ്ട് തവണ ഡിഫന്റിംഗ് ചാമ്പ്യന്‍മാരുടെ ഹൃദയം പിളർത്തിയ ആ മൊട്ടത്തല. മറ്റരാസി നിലത്ത് കിടന്ന് പുളഞ്ഞു. കരുത്തനായിരുന്നു സിദാന്‍. അന്ന് റഫറിയുയർത്തിയ ചുവപ്പ് കാർഡ്, സിദാന് നേരെ മാത്രമായിരുന്നില്ല, ലോകത്തുള്ള സകല ഫ്രഞ്ച്(സിദാന്‍)
ആരാധകരുടെയും നേർക്കായിരുന്നു. ബാക്കി വന്ന പത്ത് മിനിറ്റുകളിലും, ശേഷം നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലുമുള്ള അയാളുടെ അഭാവമാണ് ഫ്രാന്‍സിന് രണ്ടാം ലോകകിരീടം നിഷേധിച്ചതെന്ന് വിശ്വസിക്കുന്നു ഇന്നും ഫുട്‌ബോള്‍ ലോകം, അങ്ങനെ വിശ്വസിക്കാനാണവർക്കിഷ്‌ടം.
വിടവാങ്ങല്‍ ചടങ്ങില്‍ ആരാധകസമൂഹം ഒരു പോലെ അയാളുടെ തെറ്റിനെ മറന്ന് കളഞ്ഞിരുന്നു, തങ്ങളുടെ സ്വപ്‌നനായകനെ ക്ഷണനേരത്തേക്ക് പോലും വെറുക്കുവാന്‍ അവർക്കാകുമായിരുന്നില്ല, ഹൃദയം കൊണ്ട് കാല്‍പന്ത് കളിച്ച സിനദിന്‍ സിദാന്‍ എന്ന ഇതിഹാസത്തെ ആരാധകരൊരിക്കലും കുറ്റപ്പെടുത്തിയില്ല, അവരയാളെ ഹൃദയം കൊണ്ടാണ് സ്‌നേഹിച്ചത്. സാന്റിയാഗോ ബെർണാബ്യൂവിലാണെങ്കിലും, "പ്ലേസെ ഡെ ലാ കോണ്‍കോർഡെ(ഫ്രാന്‍സിലെ പ്രമുഖ ചത്വരം)യിലാണെങ്കിലും അവരുയർത്തിയ ഭീമന്‍ ബാനറുകള്‍ അയാളോടുള്ള ഉറവ വറ്റാത്ത സ്‌നേഹത്തിന്റെ പ്രതീകങ്ങളായിരുന്നു.
അയാള്‍ വിജയചരിത്രം രചിച്ച 1998ലെയും തോറ്റ് മടങ്ങിയ 2006ലെയും ഫൈനലുകള്‍ക്ക് ശേഷം അവരൊരുമിച്ച് ഒരേ താളത്തില്‍ ഏറ്റു ചൊല്ലി - Merci zizou...Gracias mago...Thanyou zidane...Thankyou magician...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam