
തിരുവനന്തപുരം: ചരക്ക് ലോറി സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു തുടങ്ങി. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി കേന്ദ്രത്തിന് കത്തയച്ചു.
മധ്യകേരളത്തേയും, വടക്കന്‍കേരളത്തേയുമാണ് സമരം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ പ്രതിദിനം 24 ലോഡ് പച്ചക്കറിയെത്തിയിരുന്നത് 8 ലോഡായി ചുരുങ്ങി. പലചരക്കും പഴയതുപോലെ എത്തുന്നില്ല. വടക്കന്‍ ജില്ലകളിലേക്കുള്ള പച്ചക്കറി വരവും ഗണ്യമായി കുറഞ്ഞു.
പലചരക്ക് സാധനങ്ങളുടെ സ്റ്റോക്ക് പലയിടത്തും തീരുകയാണ്. മലഞ്ചരക്ക് സാധനങ്ങള്‍ പുറത്തേക്ക് പോകുന്നില്ല. വാളയാറില്‍ ലോറി ക്ലീനര്‍ കല്ലേറില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മേട്ടുപാളയത്ത് പച്ചക്കറി മൊത്തകച്ചവടക്കാര്‍ കടകളടച്ച് സമരം നടത്തുകയാണ്. നാളെ ഒട്ടംഛത്രത്തും വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കും. പച്ചക്കറി വില ഇപ്പോള്‍ തന്നെ 20 ശതമാനത്തോളം കൂടിയിട്ടുണ്ട്. പലചരക്ക് സാധനങ്ങള്‍ക്കും, പഴ വര്‍ഗങ്ങള്‍ക്കും വില ഉയര്‍ന്നു തുടങ്ങി.
സമരം വ്യവസായ മേഖലയെയും ബാധിച്ചു. ഇവിടങ്ങളിലേക്കും പുറത്തേക്കുമുള്ള സാധനങ്ങളുടെ നീക്കം ഏതാണ്ട് സ്തംഭിച്ച മട്ടാണ്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര ഗതാഗതമന്ത്രിക്ക് കത്തയച്ചത്. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ടാങ്കര്‍ ലോറി ഉടമകളും ഉടന്‍ സമരത്തിലേക്ക് നീങ്ങും. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും. ഇന്ധന വിലക്കയറ്റം, ഇൻഷുറൻസ് വർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെയാണ് ലോറി ഉടമകൾ സമരം തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam