
ചെന്നൈ: ടിടിവി ദിനകരനെ അനുകൂലിയ്ക്കുന്ന 18 എംഎൽഎമാരുടെയും അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട കേസിൽ നാളെ അന്തിമവാദം നടക്കും. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബെഞ്ച് കേസിലെ എല്ലാ കക്ഷികളോടും നാളെയോടെ വാദം പൂർത്തിയാക്കാൻ നിർദേശിച്ചു. നിയമസഭാ സമ്മേളനം തുടങ്ങിയ സാഹചര്യത്തിൽ കേസിലെ വിധി എടപ്പാടി സർക്കാരിന്‍റെ ഭാവി തീരുമാനിയ്ക്കുന്നതിൽ നിർണായകമാണ്.
അയോഗ്യതാ കേസിലെ വിധി വരുന്നത് വരെ സഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതേസമയം, ന്യൂനപക്ഷമായ സർക്കാരിനെ തുടരാൻ അനുവദിയ്ക്കരുതെന്ന് ഡിഎംകെയും ടിടിവി ദിനകരനും ആവർത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. അൽപസമയത്തിനകം പുരോഹിത് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.
മുഖ്യമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന നിവേദനവുമായി കഴിഞ്ഞ ഓഗസ്റ്റിലാണ് ദിനകരൻ പക്ഷത്തെ 18 എംഎൽഎമാർ ഗവർണറെ കണ്ടത്. ദിനകരനെ പുറത്താക്കി ഒ പനീർശെൽവം ഉപമുഖ്യമന്ത്രിയായി പാർട്ടിയിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു നീക്കം. പാർട്ടിയിൽ തുടരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രിയെ മാറ്റണമെന്നുമായിരുന്നു നിവേദനത്തിലെ ആവശ്യം. എന്നാൽ പാർട്ടിയ്ക്കെതിരെ നീക്കം നടത്തിയെന്ന് കാട്ടി ചീഫ് വിപ്പ് നൽകിയ പരാതിയിൽ സ്പീക്കർ പി ധനപാൽ 18 എംഎൽഎമാരെയും അയോഗ്യരാക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam