മദീന നഗരസഭയിലെ ഫിംഗര്‍പ്രിന്റ് പഞ്ചിംഗ് വിജയകരം

By Web DeskFirst Published Nov 5, 2016, 4:16 AM IST
Highlights

ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞതോടെയാണ് മദീന നഗരസഭ ജീവനക്കാര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയത്. ദിവസം രണ്ട് നേരം എന്നതിന് പകരം അഞ്ചു നേരം എല്ലാ ജീവനക്കാരും ഓഫീസില്‍ വിരലടയാളം രേഖപ്പെടുത്തണം. സാധാരണ പോലെ ജോലിക്ക് വരുമ്പോഴും പോകുമ്പോഴും വിരലടയാളം രേഖപ്പെടുത്തണം. കൂടാതെ രാവിലെ ഒമ്പത് മണിക്കും ഒമ്പതരയ്ക്കും ഇടയിലും, പത്തരയ്ക്കും പതിനൊന്നിനും ഇടയിലും, പതിനൊന്നേ മുക്കാലിനും പന്ത്രണ്ടേക്കാലിനും ഇടയിലും വിരലടയാളം രേഖപ്പെടുത്താനാണ് നിര്‍ദേശം. ഇത് പാലിക്കാത്തവരുടെ ശമ്പളം കട്ട് ചെയ്യും. കൃത്യനിഷ്‌ഠയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ട് വന്നതെന്ന് മദീന മേയര്‍ മുഹമ്മദ് അല്‍ അമ്രി പറഞ്ഞു. രാവിലെ വിരലടയാളം രേഖപ്പെടുത്തി ഓഫീസില്‍ നിന്നും പുറത്ത് പോകുന്നത് ജീവനക്കാര്‍ പതിവാക്കിയ സാഹചര്യത്തിലാണ് ഈ നിര്‍ദേശം. 72 ശതമാനം ജീവനക്കാരും ഇങ്ങനെ പുറത്തു പോയ സന്ദര്‍ഭം ഉണ്ടായി. ഇത് 1,14,000 ജോലികള്‍ കെട്ടിക്കിടക്കാന്‍ കാരണമായതായി മേയര്‍ വെളിപ്പെടുത്തി. പുതിയ നിയമം നടപ്പിലായത്തോടെ ജീവനക്കാരുടെ ഹാജര്‍നില 38 ശതമാനത്തില്‍ നിന്നും നാല് ദിവസം കൊണ്ട് 55 ശതമാനമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഇത് തൊണ്ണൂറു ശതമാനത്തിലെങ്കിലും എത്തിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2300 ജീവനക്കാരാണ് മദീനാ നഗരസഭാ ആസ്ഥാനത്ത് ജോലി ചെയ്യുന്നത്. പുതിയ സംവിധാനത്തിനെതിരെ ജീവനക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ പൊതുജനം പുതിയ സംവിധാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം പൊതുമേഖലയിലെല്ലാം ഈ സംവിധാനം കൊണ്ട് വരണമെന്ന അഭിപ്രായങ്ങളും പങ്കു വെയ്ക്കുകയാണിപ്പോള്‍.

click me!