രക്തം വാര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവം; യുപി പൊലീസുകാര്‍ക്കെതിരെ കേസ്

Published : Jan 22, 2018, 10:22 AM ISTUpdated : Oct 04, 2018, 05:02 PM IST
രക്തം വാര്‍ന്ന് രണ്ട് പേര്‍ മരിച്ച സംഭവം; യുപി പൊലീസുകാര്‍ക്കെതിരെ കേസ്

Synopsis

സഹാരണ്‍പൂര്‍: റോഡ് അപകടത്തില്‍പ്പെട്ടവരെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാതത്തിനെ തുടര്‍ന്ന് ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തങ്ങളുടെ വാഹനത്തില്‍ രക്തക്കറ പുരളുന്നത് സഹിക്കില്ലെന്ന പൊലീസിന്റെ നിലപാടിനെ തുടര്‍ന്ന് രണ്ട് കൗമാരക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ പരാജയപ്പെട്ടതോടെ രണ്ടു പേരും റോഡില്‍ കിടന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 

ദൃക്‌സാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്, ജനകപുരി പൊലീസ് സ്‌റ്റേഷനിലെ ഇന്ദ്രാപ്പല്‍ സിംഗ്, പങ്കജ് കുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടി. മൂന്ന് പൊലീസ് ഉദ്യോസ്ഥരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രാത്രി പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരാണു കാറില്‍ രക്തം പറ്റുമെന്നു പറഞ്ഞു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വാഹനം വിട്ടുനല്‍കാഞ്ഞത്. അര്‍പിത് ഖുറാന, സണ്ണി എന്നീ 17 വയസ്സുകാരാണ് അപകടത്തില്‍പ്പെട്ടത്. അവരുടെ ബൈക്കിനു സമീപം രക്തം വാര്‍ന്നു കിടക്കുന്നതും വിഡിയോയിലുണ്ട്. അപകടമുണ്ടായതിനു പിന്നാലെതന്നെ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായ 100 എന്ന നമ്പരില്‍ വിളിച്ചു പൊലീസിനെ അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം പരുക്കേറ്റവരെ രക്ഷിക്കാന്‍ ഒരു ശ്രമവുംനടത്തിയില്ല.

കുട്ടികളെ ആശുപത്രിയില്‍ എത്തിക്കണമെന്ന് അവരുടെ കൂടെയുണ്ടായിരുന്നവരിലൊരാള്‍ താണുകേണു പറയുന്നതായി വിഡിയോയില്‍നിന്നു വ്യക്തമാണ്. ഇവിടെനില്‍ക്കുന്ന വേറാരൊരാള്‍ക്കും കാറില്ലെന്നും ആ ശബ്ദം വെളിപ്പെടുത്തുന്നുണ്ട്.പൊലീസുകാരില്‍നിന്നു സഹായം ലഭിക്കാതായതോടെ അതുവഴി പോയ മറ്റു വാഹനങ്ങള്‍ നിര്‍ത്താനുള്ള ശ്രമവും സ്ഥലത്തെത്തിയവര്‍ നടത്തി. മറ്റു വാഹനങ്ങളും നിര്‍ത്തിയില്ല. പിന്നീട് പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍നിന്നു മറ്റൊരു വാഹനമെത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു സഹാരണ്‍പുര്‍ പൊലീസ് മേധാവി പ്രഭാല്‍ പ്രതാപ് സിങ് അറിയിച്ചു. മൂന്നു പൊലീസുകാരെ സസ്‌പെന്‍!ഡ് ചെയ്തു. അന്വേഷണത്തിനുശേഷം കൂടുതല്‍ നടപടിയെടുക്കും. സംസ്ഥാനമെങ്ങും ശക്തമായ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയാണ് 2016ല്‍ യുപി സര്‍ക്കാര്‍ 'ഡയല്‍ 100' പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ വാഹനങ്ങളും പൊലീസിനു നല്‍കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ