ആദിവാസി കുടികൾക്ക് തീയിട്ട സംഭവം: പിന്നിൽ കയ്യേറ്റക്കാര്‍

By Web DeskFirst Published Dec 13, 2016, 5:12 PM IST
Highlights

ഇടുക്കി: അടിമാലിയിൽ ആദിവാസി കുടികൾക്ക് തീയിട്ടത് ഭൂമി കയ്യേറ്റക്കാരെന്ന് സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍‍ഡിഒയ്ക്ക് ആദിവാസികൾ പരാതി നൽകി. തീവെപ്പിനെക്കുറിച്ച് മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

അടിമാലി ഇരുമ്പ്പാലത്തിന് സമീപമുള്ള പടിക്കപ്പ് ആദിവാസി കോളനിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് തീവെപ്പുണ്ടായത്. അക്രമികൾ അഴിഞ്ഞാടിയപ്പോൾ മൂന്ന് വീടുകൾ കത്തിയമർന്നു. ഉറങ്ങിക്കിടന്ന സ്ത്രീകൾക്ക് നേരേയും കയ്യേറ്റമുണ്ടായി. 

സംഭവത്തെക്കുറിച്ച് അടിമാലി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മൂന്നാർ ഡിവൈഎസ്പി അനിരുദ്ധന്‍റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണവും ആരംഭിച്ചു. പടിക്കപ്പ് സെറ്റിൽമെന്റ് കോളനിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ചിലരാണ് കുടികൾക്ക് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. 

അടിമാലി സ്വദേശികളായ ബോബൻ, സുഹൃത്തുക്കളായ പൗലോസ്, ജോർജുകുട്ടി എന്നിവർക്കെതിരെയാണ് ആദിവാസികൾ പരാതി നൽകിയിരിക്കുന്നത്. ഇവർ നേരത്തെ കോളനിക്കാരുടെ സ്ഥലം കൈക്കലാക്കാൻ ശ്രമിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് കഴിഞ്ഞ ദിവസത്തെ തീവെപ്പെന്നും പരാതിയിൽ പറയുന്നു. ഇടുക്കി ആര്‍ഡിഒയ്ക്കും സംഘം ഇന്ന് പരാതി നൽകി.

പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ആദിവാസികളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാക്കൾ പറയുന്നു.

click me!