ദുബായില്‍ പതിനൊന്നു കാറുകള്‍ക്ക് തീയിട്ടയാള്‍ അറസ്റ്റില്‍

By Web DeskFirst Published May 14, 2018, 1:18 PM IST
Highlights
  • ദുബായില്‍ നിര്‍ത്തിയിട്ടിരുന്ന പതിനൊന്നു കാറുകള്‍ക്ക് തീയിട്ടയാള്‍ അറസ്റ്റില്‍
  • ഔട്ട്‌ലെറ്റ് മാളിന് വെളിയിലെ പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം

അബുദാബി : ദുബായില്‍ നിര്‍ത്തിയിട്ടിരുന്ന പതിനൊന്നു കാറുകള്‍ക്ക് തീയിട്ടയാള്‍ അറസ്റ്റില്‍. ഔട്ട്‌ലെറ്റ് മാളിന് വെളിയിലെ പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം. മാളിന് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു കാറില്‍ അപ്രതീക്ഷിതമായി തീ പിടുത്തമുണ്ടായതാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് ഇതിന് പിന്നിലുള്ളയാളെ നാടകീയമായി കണ്ടെത്തിയത്.

ആദ്യ ഒരുകാറില്‍ പിടിച്ച തീ മറ്റ് കാറുകളിലേക്ക് പകരുകയായിരുന്നു. മാളിലേക്ക് ജീവനക്കാരെ എത്തിക്കുന്ന കാറിലാണ് ആദ്യം തീ പ്രത്യക്ഷപ്പെട്ടത്. തീ ഉണ്ടാവാനുള്ള സാഹചര്യങ്ങളൊന്നും കാറിന് പരിസരത്ത് നിന്നും പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ കിട്ടിയില്ല. ഇതിനെ തുടര്‍ന്നാണ് തീപിടുത്തം ആരെങ്കിലും മനപ്പൂര്‍വ്വം ഉണ്ടാക്കിയതായിരിക്കാം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

സംശയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പിടിയിലായത്. മാളിലെ മറ്റൊരു കാറിന്‍റെ ഡ്രൈവറാണ് പിടിയിലായ പ്രതി. ഇയാള്‍ ഏഷ്യന്‍ സ്വദേശിയാണ്. സംഭവം നടക്കുന്നതിന്‍റെ തലേ ദിവസം ആദ്യം തീപിടിച്ച കാറിലെ ഡ്രൈവറും ഇയാളും തമ്മില്‍ ചില വാക്കു തര്‍ക്കങ്ങളിലേര്‍പ്പെട്ടിരുന്നു.

ഇതിന്‍റെ പകയാലാണ് പ്രതി ഇയാളുടെ കാറ് കത്തിച്ചത്. എന്നാല്‍ ഇയാളുടെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറത്തായി കാര്യങ്ങള്‍. ഈ കാറിന് കുറച്ച് അകലെയായി നിര്‍ത്തിയിട്ടിരുന്ന മറ്റു 10 വാഹനങ്ങളിലേക്ക് കൂടി തീ പടര്‍ന്നു പിടിച്ചു. സംഭവ സമയം പ്രതിയുടെ കൈക്കും പൊള്ളലേറ്റിരുന്നു. ഇതും പൊലീസിന് പ്രതിയെ പിടികൂടാന്‍ നിര്‍ണ്ണായക തെളിവായി.

click me!