കേന്ദ്രത്തിന്റെ പുതിയ വ്യോമയാന നയം പ്രയോജനപ്പെടുത്താന്‍ വിമാന കമ്പനികള്‍ ശ്രമം തുടങ്ങി

By Web DeskFirst Published Jun 22, 2016, 4:32 PM IST
Highlights

കേന്ദ്ര സര്‍ക്കാര്‍ പുതുതായി  പ്രഖ്യാപിച്ച വ്യോമയാന നിയമത്തിലെ ഭേദഗതികള്‍ പ്രയോജനപ്പെടുത്താന്‍ ഗള്‍ഫ് മേഖലയിലെ വിമാന കമ്പനികള്‍ ശ്രമം തുടങ്ങി. ഇന്ത്യയില്‍ തന്നെ നിക്ഷേപം നടത്തി പുതിയ വിമാനക്കമ്പനികള്‍ തുടങ്ങാന്‍ ഗള്‍ഫ് മേഖലയിലെ പല പ്രമുഖ വിമാനക്കമ്പനികളും ശ്രമം തുടങ്ങിയതായാണ് സൂചന.

ഇന്ത്യയിലേക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പെടെയുള്ള ഗള്‍ഫ് മേഖലയിലെ പ്രമുഖ വിമാനക്കമ്പനികള്‍ പല തവണ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന നിക്ഷേപക സമ്മേളനത്തിലും ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ ബാകിര്‍ അല്‍ ബേക്കര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ വ്യോമയാന മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതോടെ പുതിയ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് ഗള്‍ഫ് മേഖലയിലെ വിമാന കമ്പനികള്‍ ശ്രമിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ക്ക് ലഭിക്കുകയെന്ന ദീര്‍ഘകാലത്തെ ആവശ്യത്തിന് പകരം ഇന്ത്യയില്‍ തന്നെ നിക്ഷേപം നടത്തി പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. വിവിധ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഉയര്‍ന്ന ജനസംഖ്യയും അടുപ്പിച്ചുള്ള വിവിധ സീസണുകളിലെ യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത്  ലാഭകരമായി സര്‍വീസ് നടത്താനുള്ള സാധ്യതകളാണ് ഇവര്‍ പ്രധാനമായും പരിഗണിക്കുന്നത്. ഇത്തിഹാദ് പോലുള്ള പ്രമുഖ കമ്പനികള്‍ ഇന്ത്യയിലെ ജെറ്റ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുമായി ചേര്‍ന്നാണ് നിലവില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്തുന്നത്. അതേസമയം നൂറു ശതമാനം വിദേശ നിക്ഷപം അനുവദിച്ചാലും  ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ക്കു ഇന്ത്യയിലുള്ള  നിയന്ത്രണം തുടര്‍ന്നും  ഉണ്ടായേക്കുമെന്നും  സൂചനയുണ്ട്  കഴിഞ്ഞ വര്‍ഷം ഇന്‍ഡിഗോ വിമാന കമ്പനിയുടെ ഒഹരി  വാങ്ങാനുള്ള ഖത്തര്‍ എയര്‍ വെയ്‌സിന്റെ നീക്കത്തെ  കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

എന്നാല്‍ ഖത്തര്‍ എയര്‍ വൈസ് സിഇഒ  ബാക്കിര്‍ അല്‍ ബേക്കര്‍ അടക്കമുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

click me!