
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. ലാലുവടക്കമുള്ള 15 പേരെയാണ് കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കമുള്ള ഏഴുപേരെ വെറുതെവിട്ടു. ലാലുവിനെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും. റാഞ്ചി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ലാലുവിനെ കുറ്റക്കാരനായി സിബിഐ കണ്ടെത്തിയ ആറ് കേസുകളില്‍ രണ്ടാമത്തെ കേസിലാണ് ഇപ്പോള്‍ വിധിയെത്തിയിരിക്കുന്നത്
വിധി പ്രസ്താവം കേള്‍ക്കാന്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 19 പ്രതികൾ കോടതിയിൽ എത്തിയിരുന്നു. നേരത്തെ പത്ത് മണിക്ക് വിധി പ്രസ്താവക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിധി പറയുന്ന സമയം മാറ്റിയതായി ജഡ്ജി അറിയിക്കുകയായിരുന്നു.
കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ 84.5 ലക്ഷം രൂപ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് പിൻവലിച്ച കേസിലാണ് റാഞ്ചി പ്രത്യേക കോടതി ജഡ്ജി ശിവ്പാൽ സിംഗ് വിധി പറഞ്ഞത്. കേസിൽ തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് കോടതിയിലെത്തിയ ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു.
തൊണ്ണൂറുകളിൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസാണ് കാലിത്തീറ്റ കുംഭകോണ കേസ്. 950 കോടി രൂപയുടെ അഴിമതിയിൽ സിബിഐ 64 കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ ആറുകേസുകളിൽ ലാലുപ്രസാദ് യാദവ് പ്രതിയാണ്.
2013ൽ 37.5 കോടി രൂപയുടെ അഴിമതി നടന്ന ആദ്യ കേസിൽ ലാലുവിന് അഞ്ച് വര്‍ഷത്തെ കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടുമാസത്തോളം ജയിലിലായ ലാലുവിന് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. കോടതി വിധിയെ തുടര്‍ന്ന് ലാലുവിന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാവുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും നേരിടേണ്ടിവന്നിരുന്നു..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam