സൗദിയില്‍ നിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തില്‍ കുറവ്

By Web DeskFirst Published Mar 4, 2018, 12:21 AM IST
Highlights

സ്വദേശിവത്കരണം ശകതമായതിനെ തുടർന്നുള്ള തൊഴില്‍ പ്രതിസന്ധിയാണ് കാരണമെന്നാണ് പൊതുവെയുള്ള  വിലയിരുത്തല്‍. 

ജിദ്ദ: സൗദിയില്‍ നിന്ന് വിദേശത്തേക്ക് പണമയക്കുന്നത് കുറയുന്നുവെന്ന് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ. 2015ലാണ് വിദേശത്തേക്ക് ഏറ്റവും കൂടുതല്‍പണം  അയച്ചത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വിദേശത്തേക്ക് പണമയക്കുന്നതിൽ 10 ശതമാനം കുറവു വന്നതായി മോണിറ്ററി അതോറിറ്റി വ്യക്തമാക്കുന്നു. സ്വദേശിവത്കരണം ശകതമായതിനെ തുടർന്നുള്ള തൊഴില്‍ പ്രതിസന്ധിയാണ് കാരണമെന്നാണ് പൊതുവെയുള്ള  വിലയിരുത്തല്‍. 

സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ 2015ൽ സ്വന്തം നാടുകളിലേക്ക് അയച്ചത് 15,700 കോടി റിയാലാണ്. ഇരുപതു വർഷത്തിനിടയിൽ വിദേശികളയച്ച പണത്തിന്റെ 9.6 ശതമാനം വരുമിത്. കഴിഞ്ഞ കൊല്ലം വിദേശികളയച്ചത് 14,160 കോടി റിയാലാണ്. 2015 അപേക്ഷിച്ചു കഴിഞ്ഞ രണ്ടു വർഷത്തിനിടെ റെമിറ്റൻസിൽ 10 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം   ഇരുപതു വർഷത്തിനിടെ സൗദിയിൽ നിന്ന് ഏറ്റവും കുറച്ചു പണം വിദേശികളയച്ചത് 1998 ൽ ആണ്. 3,580 കോടി റിയാലാണ് അന്ന് നിയമാനുസൃത മാർഗ്ഗങ്ങളിലൂടെ വിദേശികൾ സ്വദേശത്തേക്കു അയച്ചത്.

click me!