റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ചട്ടം ലംഘിച്ച് വായ്പന നല്‍കി തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കോടികളുടെ കൊള്ള

Web Desk |  
Published : Apr 06, 2018, 06:20 PM ISTUpdated : Jun 08, 2018, 05:52 PM IST
റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ചട്ടം ലംഘിച്ച് വായ്പന നല്‍കി തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കോടികളുടെ കൊള്ള

Synopsis

വായ്പ തട്ടിപ്പില്‍ പ്രവാസിയും ഇരയായി ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന്മുന്‍ ബാങ്ക് ഭരണസമിതി

തൃശൂര്‍: റിയല്‍ എസ്റ്റേറ്റ് മാഫിയക്കും ഫ്‌ളാറ്റ് നിര്‍മാണക്കാര്‍ക്കും നിലവില്ലാത്ത കമ്പനികളുടെ പേരിലും ചട്ടം ലംഘിച്ച് വായ്പ നല്‍കി വഴി തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കോടികളുടെ കൊള്ള നടന്നതായി കണ്ടെത്തല്‍. ആര്‍ബിഐയുടെയും ബാങ്കിന്റെയും ചട്ടങ്ങളെ മറികടന്ന് പത്തു കോടിയില്‍ കൂടുതല്‍ വായ് നേടിയ അറുപതില്‍ കുറയാത്ത സ്ഥാപനങ്ങളുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇപ്പോഴത്തെ കിട്ടാക്കടം ഉള്‍പ്പടെയുള്ള വായ്പക്കാരുടെ കുടിശ്ശിക 423 കോടിയാണെന്നും ഇതില്‍ ഭൂരിഭാഗവും വന്‍കിട വായ്പകളാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായുള്ള ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ് മുന്‍ ഭരണസമിതി നടത്തിയ തട്ടിപ്പുകള്‍ കണ്ടെത്തിയത്. 2014-17 കാലത്തെ യുഡിഎഫ് ഭരണസമിതിയാണ് തല്‍പര കക്ഷികള്‍ക്ക് കോടികളുടെ അനധികൃത വായ്പ നല്‍കിയത്. കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത പല കമ്പനികളുടെ പേരിലും കോടികള്‍ വായ്പ നല്‍കി. ഇപ്പോള്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. അന്നു രേഖകളില്‍ കാണിച്ചവരൊന്നും ഇപ്പോള്‍ ഡയക്ടര്‍മാരുമല്ലെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. സ്ഥാപനങ്ങള്‍ക്ക് ബിസിനസ് വായ്പയെടുക്കാന്‍ വ്യക്തമായ നിയമവ്യവസ്ഥയുള്ളപ്പോള്‍ കമ്പനിയുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ആധാരം ഇടായി നല്‍കിയും വായ്പ നല്‍കിയട്ടുണ്ട്.

ചിലരുടെ ആധാരം അവര്‍ അറിയാതെ കമ്പനിയുടെ വായ്പക്ക് ഈടുവെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കിന്റെ കുടിശ്ശിക പിരിക്കാനുള്ള നടപകടികളിലേക്ക് കടന്നപ്പോഴാണ് ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ടി കെ സതീഷ്‌കുമാറും ജനറല്‍ മാനേജര്‍ ഡോ. എം രാമനുണ്ണിയും പറഞ്ഞു. വായ്പയെടുത്ത പല സ്ഥാപനങ്ങളും വ്യക്തികളും ഇല്ലെന്ന് മനിസലായതെന്ന് അനധികൃതവായ്പയുടെയും  കിട്ടാക്കടത്തിന്റെയും വിശദമായ പരിശോധന നടന്നുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണസമിതിയുടെ തീരുമാനം. ബാങ്കിന് നഷ്ടമുണ്ടാക്കിയ വായ്പകള്‍ക്ക് മുന്‍ഭരണസമിതിക്കാര്‍ തന്നെയാണ് മുഖ്യമായും സമാധാനം പറയേണ്ടത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്നു കണ്ടാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടകും. പൊലീസ്, വിജിലന്‍സ് അന്വേഷണം ആവശ്യമെന്നു കണ്ടാല്‍ ഉണ്ടാകും. റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിനും ഫ്‌ളാറ്റ് നിര്‍മാണത്തിനും നല്‍കിവന്നിരുന്ന വന്‍കിട വായ്പകള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ പൂര്‍ണമായി നിറുത്തലാക്കിയിരിക്കുകയാണ്.

 

ജില്ലാ ബാങ്കില്‍ യുഡിഎഫ് ഭരണസമിതയുടെ കാലത്ത് നടന്ന വായ്പ തട്ടിപ്പുകളില്‍ ഇരയായവരില്‍ സൗദിയിലുള്ള പ്രവാസിയുമുണ്ട്. കൊണ്ടാഴി സ്വദേശിയായ ഇദ്ദേഹം സൗദിയിലാണ് കുടുംബസമേതം താമസം. മക്കള്‍ വിദേശത്തു പഠിക്കുന്നു. നാട്ടില്‍ മൂന്നര ഏക്കര്‍ ഭൂമിയുണ്ട്. 214ല്‍ ഒരാള്‍ ഭൂമിവാങ്ങാന്‍ വന്നു. അയാള്‍ റിയല്‍ ജില്ലാ ബാങ്കിന്റെ ഒത്താശയിലുള്ള എസ്‌റ്റേറ്റ് മാഫിയയുടെ ആളാണെന്ന് മനസിലായില്ല.കച്ചവടം ഉറപ്പിച്ച് പണം ആവശ്യപെട്ടപ്പോള്‍ കുറച്ചു  പണം കുറവുണ്ടെന്നും തൃശൂര്‍ ജില്ലാ സഹകരരണ ബാങ്കില്‍ നിന്നും വായ്പ കിട്ടാനായി ഭൂമിയുടെ മുക്ത്യാര്‍ നല്‍കി സഹായിക്കണമെന്നും പ്രവാസിയോട് അപേക്ഷിച്ചു. വായ്പ കിട്ടിയാല്‍ ഉടനെ ഭൂമിവില നല്‍കുമെന്നും ഉറപ്പു നല്‍കി. താന്‍ പ്രവാസിയാണല്ലോ എന്നു കരുതി ഭൂമി നല്‍കാന്‍ തന്നെ ഉടമ തീരുമാനിച്ചു.

വന്ന ആളെ വിശ്വസിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശത്തിന്റെ മുക്ത്യാര്‍ നല്‍കി. അത് ഈട് നല്‍കി അയാള്‍ ഒരു കമ്പനിയുടെ പേരില്‍ ആറു കോടി രൂപയാണ് ജില്ലാ ബാങ്കില്‍ നിന്ന് വാങ്ങിയത്. കമ്പനി വായ്പക്ക് വ്യക്തിയുടെ ഭൂമി ഇട് നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ജില്ലാ ബാങ്ക്  ആറു കോടി നല്‍കിയത്. അതില്‍ നിന്നും സ്ഥല ഉടമക്ക് നല്‍കിയത് 60 ലക്ഷം മാത്രം. ഇപ്പോള്‍ മുതലും പലിശയുമടക്കം സ്ഥലത്തിന്റെ പേരില്‍ കുടിശ്ശിക എട്ടു കോടിയോളം. കിട്ടാക്കടം ഈടാക്കാന്‍ ബാങ്ക് നടപടി തുടങ്ങിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം പ്രവാസി മനസിലാക്കിയത്. അദ്ദേഹം ജില്ലാ ബാങ്ക് അഡിമിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതു പോലെ നിരവധി വ്യക്തികളുടെ ഭൂമിയുടെ ആധാരത്തിന്മേല്‍ നിലവില്ലാത്ത കമ്പനികളുടെ പേരില്‍ കോടിസളുടെ വായ്പ നല്‍കിയതായാണ് വിവരം.

യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് വന്‍തോതില്‍ വായ്പാക്രമക്കേടുകള്‍ നടന്നെന്ന സഹകരണ ജോയിന്റ് രജിസ്ട്രാറായ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുടെയും ജനറല്‍ മാനേജരുടെയും ആരോപണം രാഷ്ട്രീയ പ്രേരിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് മുന്‍ പ്രസിഡന്റ് എം.കെ അബ്ദുള്‍സലാം പ്രതികരിച്ചു. ഇടതുമുന്നണിയുടെ ഭരണകാലത്ത് ബില്‍ഡര്‍മാര്‍ക്ക് നല്‍കിവന്ന അതേ രീതിയില്‍ തന്നെയാണ് യു.ഡി.എഫ് ഭരണസമിതിയും വായ്പ അനുവദിച്ചത്. സര്‍ക്കാര്‍ അംഗീകരിച്ച അപ്രൂവ്ഡ് വാല്യുവേഴ്‌സിനെ നിയോഗിച്ചാണ് പരിശോധനകള്‍ നടത്തിയത്. കൃത്യമായ നിയമോപദേശവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശിപാര്‍ശകളും അനുസരിച്ചായിരുന്ന വായ്പാവിതരണം. ആവശ്യമായ സ്ഥലമോ, വസ്തുവോ ഈടായി രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ വായ്പകളെകുറിച്ച് റിസര്‍വ് ബാങ്കോ, നബാര്‍ഡോ സഹകരണ ഡിപ്പാര്‍ട്ടുമെന്റ് ഓഡിറ്റിലോ ഒരു ക്രമക്കേടും ഈ വായ്പകളെക്കുറിച്ച് ആരോപിച്ചിട്ടില്ല.

കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ബാങ്കായി തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിനെ ഉയര്‍ത്തുവാന്‍ കഴിഞ്ഞത് യു.ഡി.എഫ് ഭരണകാലത്താണ്. നോട്ടുനിരോധനത്തിന്റെ ഫലമായി രാജ്യം നേരിട്ട സാമ്പത്തിക മാന്ദ്യത്തിന്റെയും 2016-17 കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയത്തിന്റെയും പാപഭാരം മുന്‍ ഭരണസമിതിയുടെ തലയില്‍ കെട്ടിവയ്ക്കുന്ന അധികാരികളുടെ നിലപാട് ആടിനെ പട്ടിയാക്കുന്നതാണ്. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും മുന്‍ ഭരണസമിതി പറഞ്ഞു.

അതേസമയം, ജില്ലാ സഹകരണ ബാങ്കില്‍ യു.ഡി.എഫ് ഭരണകാലത്ത് കോടികളുടെ അഴിമതി നടന്നതായുള്ള അഡ്മിനിസ്ട്രേറ്ററുടെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയും മുന്‍ ബാങ്ക് ഡയറക്ടറുമായ കെ കെ വത്സരാജ് ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഗുരുതരമായ അഴിമിതിയായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അന്വേഷണം നടത്തണം. 10 കോടിയിലേറെ വായ്പ നല്‍കിയ 60 ലേറെ കേസുകളുണ്ട്. ഇവയുടെയെല്ലാം തിരിച്ചടവും രേഖകളും സമഗ്രമായി പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വത്സരാജ് പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു