സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസില്‍ വൻസാരയെ കുറ്റവിമുക്തനാക്കി

By Web DeskFirst Published Aug 1, 2017, 4:18 PM IST
Highlights

മുംബൈ: സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറത്തിലെ ഭീകരവിരുദ്ധ സേന തലവനായിരുന്ന ഡി.ജി വൻസാരയെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വൻസാരെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ എം.എൻ ദിനേശിനെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കിയത്. 

ഇസ്രത്ത് ജഹാൻ, സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിൽ ഏഴുവർഷം ജയിലിൽ കിടന്ന ഡി.ജി വൻസാരയ്ക്ക്, 2015 ഫെബ്രുവരിയിൽ കോടതി ജാമ്യം നൽകിയിരുന്നു. മതിയായ തെളിവില്ലെന്ന്ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി ഇപ്പോൾ വൻസാരയെ കുറ്റവിമുക്തനാക്കിയത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദിയാണെന്നാരോപിച്ച് 2005 നവംബറിലായിരുന്നു    സൊഹ്റാബുദ്ദീൻ ഷെയ്ഖിനെ പൊലീസ് വെടിവെച്ചു കൊന്നത്. ഭാര്യ കൗസർബീയെയും കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു. ഹൈദരാബാദിൽനിന്നും സാംഗ്ലിയിലേക്ക് ബസ്സിൽ വരികയായിരുന്ന ഇവരെ ഫോളോ ചെയ്ത് പിടികൂടിയ പൊലീസ് സംഘം, ഗുജറാത്തിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

കേസിലെ ദൃക്സാക്ഷിയായിരുന്ന പ്രജാപതിയെയും ഒരുവർഷത്തിന് ശേഷം പൊലീസ് കൊലപ്പെടുത്തി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണിതെന്ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ കണ്ടെത്തിയിരുന്നു. ഉന്നത ഇടപെടൽ ഒഴിവാക്കാൻ ഗുജറാത്തിന് പുറത്ത് വിചാരണ നടത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു വിചാരണ മുംബൈയിലേക്ക് മാറ്റിയത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രിയായിരുന്ന ഗുലാബ് ചന്ദ് കതാരിയ, ഗുജറാത്ത് ഡി.ജി.പി ആയിരുന്ന പിസി പാണ്ഡെ എന്നിവരുള്‍പ്പെടെ ഉൾപെടെ 15പേരെ ഇതുവരെ കേസിൽ കുറ്റവിമുക്തരാക്കി.

click me!