യുപി കോൺഗ്രസിൽ പൊട്ടിത്തെറി; റീത്ത ബഹുഗുണജോഷി ബിജെപിയിലേക്ക്

By Web DeskFirst Published Oct 17, 2016, 8:18 AM IST
Highlights

ലക്നോ: ഉത്തർപ്രദേശിൽ കോൺഗ്രസ് മുൻ സംസ്ഥനഅധ്യക്ഷ റീത്ത ബഹുഗുണ ജോഷി ബിജെപിയിൽ ചേരുന്നു. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് റീത്ത പാർട്ടി വിടാൻ കാരണമെന്നാണ് സൂചന. ഉത്തർപ്രദേശ് മുൻ പിസിസി അധ്യക്ഷയും ലക്നൗവിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗവുമായ റീത്ത ബഹുഗുണ ജോഷി കഴിഞ്ഞ കുറച്ച് ദിവസമായി പാർട്ടിയുമായി അകൽച്ചയിലായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഷീലാ ദീക്ഷിതിനെ കൊണ്ട് വന്നതിൽ അവർക്ക് അതൃപ്തി ഉണ്ടായിരുന്നു. പുറത്ത് നിന്നൊരാളെ സംസ്ഥാനത്തേക്ക് കൊണ്ട് വന്നത് ഗുണം ചെയ്യില്ലെന്നാണ് റീത്തയുടെ നിലപാട്  മുന്നോക്ക വോട്ട് ലക്ഷ്യമിട്ടാണ് ഷീലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ മുന്നോക്കസമുദായത്തിൽ നിന്നുള്ള റീത്ത പാർട്ടി വിടുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. 2007 മുതൽ 2012വരെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയായിരുന്ന റീത്ത ഇപ്പോൾ ലക്നൗ കൺന്റോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി ഹേമതി നന്ദൻ  ബഹുഗുണയുടെ മകളും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ സഹോദരിയുമാണ്. വിജയ് ബഹുഗുണ ഒമ്പത് എംഎൽഎമാരുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ഉത്തരാഖണ്ഡിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. അതിന് ശേഷം റീത്ത ബഹുഗുണ ജോഷിയെ പാർട്ടി അവഗണിക്കുകയായിരുന്നുവെന്നാണ് അവരോടൊപ്പമുള്ളവരുടെ ആരോപണം.

ഇതിനിടെ അയോദ്ധ്യയിൽ 225 കോടി രൂപ ചെലവിട്ട് ശ്രീരാമ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി 25 ഏക്കർ ഭൂമി എറ്റെടുക്കാൻ കേന്ദ്രസർക്കാരും ഉത്തർപ്രദേശ് സർക്കാരും തമ്മിൽ ധാരണയിലെത്തി. തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ വിഷയം സജീവമാക്കി നിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

click me!