പുള്ളിമാനിന്‍റെ ഇറച്ചിയുമായി മധ്യവയസ്കന്‍ വനംവകുപ്പിന്‍റെ പിടിയില്‍

By Web DeskFirst Published May 5, 2018, 4:30 PM IST
Highlights

ഇറച്ചിയും, മാനിന്‍റെ തലയും,കൈകാലുകളും കണ്ടെടുത്തു

വയനാട്: പുള്ളിമാനിന്‍റെ ഇറച്ചിയും ആയുധങ്ങളുമായി മധ്യവയസ്‌കനെ വനംവകുപ്പ് പിടികൂടി. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ എടത്തറ പൂനികുന്നേല്‍ ചന്ദ്രന്‍(52) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്നും പാകം ചെയ്തതും, പാചകത്തിനായി തയ്യാറാക്കിവെച്ചതുമായ  ഇറച്ചിയും, മാനിന്റെ തലയും,കൈകാലുകളും പരിശോധനയില്‍ കണ്ടെടുത്തു. മാനിനെ വേട്ടയാടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയടക്കമുളള ആയുധങ്ങളും പിടിച്ചെടുത്തു.

ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് രഹസ്യവിവരത്തിന്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പരിശോധന നടത്തവെ വീട്ടിലുണ്ടായിരുന്ന ചന്ദ്രന്റെ സഹോദരന്‍ ഓടിരക്ഷപെട്ടുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഇറച്ചിപരിശോധിച്ച് പുള്ളിമാനിന്റേതാണന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുറിച്യാട് അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കെ. ബാബുരാജ്, ഡപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.ശശികുമാര്‍, പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുസ്തഫ സാദിഖ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി.കെ.ദാമോദരന്‍, ഇ.ജി. പ്രശാന്തന്‍, ഗൗരി, വാച്ചര്‍മാരായ ഗിരിജ, ഗോവിന്ദന്‍ എന്നിവരായിരുന്നു പരിശോധനസംഘത്തിലുണ്ടായിരുന്നത്.

click me!