
മുംബൈ: കളിപ്പാട്ടം ശ്വാസനാളത്തിൽ കുരുങ്ങി നാല് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു. ദുർഗാപൂജ ഘോഷയാത്രയെ തുടര്‍ന്നുണ്ടായ ഗതാഗത തടസത്തിൽ കുഞ്ഞിനെ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. മുംബൈ കണ്ഡീവ്ലിയിലാണ് ചിപ്സ് പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച കളിപ്പാട്ടം കുഞ്ഞിന്റെ ജീവനെടുത്തത്. പിയൂഷ് കുഷ്വ എന്ന നാലര വയുകാരനാണ് ശ്വാസംമുട്ടി മരിച്ചത്. കളിപ്പാട്ടം കുരുങ്ങി കുഞ്ഞിന്റെ ശ്വാസനാളം പൂർണമായും അടയുകയും ശ്വാസോച്ഛ്വാസം തടസപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ഫോറൻസിക് വിദഗ്ദര്‍ പറയുന്നത്.
ശനിയാഴ്ച ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ വഴിയില്‍ വെച്ച് പിയൂഷ് ചിപ്സ് പാക്കറ്റ് ആവശ്യപ്പെടുകയായിരുന്നുവെന്ന് അച്ഛന്‍ പറയുന്നു. ചിപ്സ് വാങ്ങിയപ്പോള്‍ ഒപ്പം ഒരു കളിപ്പാട്ടവും കിട്ടി. അല്‍പ്പ നേരം കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിയാതിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ കളിപ്പിട്ടം തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇത് പുറത്തെടുക്കാന്‍ രക്ഷിതാക്കള്‍ ആവുന്നതും ശ്രമിച്ചു. കുഞ്ഞിന് ചുമയ്ക്കാനും കഴിഞ്ഞില്ല. ഇതോടെ ശ്വാസം നിലയ്ക്കുകയാണ്.
ദുർഗാപൂജ ഘോഷയാത്രയായതിനാൽ മകനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് കുഞ്ഞിനെ കൈയിലെടുത്ത് നടന്നാണ് മൂന്ന് കിലോ മീറ്റർ അകലെയുള്ള നഴ്സിങ് ഹോമിൽ എത്തിച്ചത്. ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് 20 മിനിറ്റ് എടുത്താണ് ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിന് ശ്വാസം നിലച്ചെന്ന് അപ്പോള്‍ തന്നെ കണ്ടെത്തിയ ഡോക്ടര്‍മാര്‍ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുടുതലായി ഒന്നും ചെയ്യാനില്ലെന്ന് അവിടുത്തെ ഡോക്ടർമാര്‍ അറിയിക്കുകയായിരുന്നു. കളിപ്പാട്ടം കുടുങ്ങി ശ്വാസനാളം പൂർണമായും തടസപ്പെട്ടാണ് മരണകാരണമായത്. സാധാരണ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ വിഴുങ്ങുന്ന സംഭവങ്ങളിൽ ശ്വാസനാളം ഭാഗികമായി തടസപ്പെടുന്നതാണ് കണ്ടുവരാറുള്ളതെന്നും എന്നാൽ പിയൂഷിന്റെ കാര്യത്തിൽ ശ്വാസം അല്‍പ്പം പോലും കടക്കാത്ത വിധത്തില്‍ പൂർണമായും അടഞ്ഞുപോവുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam