ചരിത്രം തിരുത്താന്‍ ബെല്‍ജിയം; പ്രതാപം കാട്ടാന്‍ ഫ്രാന്‍സ്; ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടത്തിന് കളമുണരുന്നു

By Web DeskFirst Published Jul 10, 2018, 11:11 AM IST
Highlights
  • ലോകകപ്പിൽ സെമിക്കപ്പുറം മുന്നേറാനായിട്ടില്ല ചുവന്ന ചെകുത്താൻമാർക്ക്

മോസ്ക്കോ: റഷ്യന്‍ ലോകകപ്പിന്‍റെ സെമി പോരാട്ടത്തിന് ഇന്ന് തുടക്കം.  ബ്രസീലിനെ തോൽപിച്ചെത്തുന്ന ബെൽജിയം ആദ്യ സെമിയിൽ ഫ്രാൻസിനെ നേരിടും. രാത്രി 11.30ന് സെൻ്റ് പീറ്റേഴ്സ് ബർഗിലാണ് മത്സരം. രണ്ടാം സെമിയില്‍ നാളെ രാത്രി ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.

ലോകകിരീടത്തിലേക്ക് ഇനി രണ്ട് ജയത്തിന്‍റെ മാത്രം അകലം. ഫൈനലിലെ ഒരു ടീം ആരെന്ന് തീരുമാനിക്കുന്ന ആദ്യ സെമി, കലാശപ്പോരാട്ടത്തോളം പോന്നതാണ്. രണ്ടാംകിരീടം ലക്ഷ്യമിടുന്ന ഫ്രാൻസിനെ നേരിടുന്നത് ലോക റാങ്കിംഗിൽ മൂന്നാമതുള്ള ബെൽജിയം.

 ലുക്കാക്കു, ഹസാർഡ്, ഡി ബ്രുയിൻ എന്നിവരടങ്ങുന്ന മുന്നേറ്റനിരയാണ് ബെൽജിയത്തിൻ്റെ കരുത്ത്. പ്രീ ക്വാർട്ടറിൽ ജപ്പാനോട് പരുങ്ങിയതൊഴിച്ചാൽ ആധികാരിക മുന്നേറ്റമായിരുന്നു അവരുടേത്.  ക്വാർട്ടറിൽ ബ്രസീലിനെ കൂടി വീഴ്ത്തിയതോടെ ഏറ്റവുമധികം കിരീടസാധ്യതയുള്ള ടീമായി ബെൽജിയം.

മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിൽ എടുത്തുപറയത്തക്ക പ്രകടനം കാഴ്ചവയ്ക്കാതിരുന്ന ഫ്രാൻസ്, പക്ഷെ നോക്കൌട്ടെത്തിയതോടെ നിറം മാറി. മെസ്സിയെയും സുവാരസിനെയുമെല്ലാം റഷ്യയിൽ നിന്ന് മടക്കി അയച്ച ഫ്രഞ്ച് പട സമാനവിധിയാകും ലുക്കാക്കുവിനും കൂട്ടർക്കുമെന്ന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

എംബാപ്പെയുടെ വേഗത്തിനും ഗ്രീസ്മാൻ്റെ കൃത്യതക്കും ബെൽജിയത്തിന് മറുപടിയില്ലെങ്കിൽ ഫ്രാൻസിന് കാര്യങ്ങൾ എളുപ്പമാകും . രണ്ട് മഞ്ഞക്കാർഡ് കണ്ട പ്രതിരോധ താരം തോമസ് മ്യൂണിയർക്ക് ഇന്ന് കളിക്കാനാകാത്തത് ബെൽജിയത്തിന് തിരിച്ചടിയായേക്കും.  എതിരാളികൾക്കനുസരിച്ച് തന്ത്രം മെനയുന്ന റോബർട്ടോ മാർട്ടിനസിന് മറുതന്ത്രമൊരുക്കാൻ ദിദിയർ ദെഷാംപ്സിനാകുമോഎന്ന് കണ്ടറിയണം.

ഇരു ടീമും ഇതിന് മുന്പ് നേർക്കുനേർ വന്ന 73 മത്സരങ്ങളിൽ മുപ്പതിൽ ബൽജിയം ജയിച്ചു. 24ൽ ഫ്രാൻസും. ലോകകപ്പിൽ സെമിക്കപ്പുറം മുന്നേറാനായിട്ടില്ല ചുവന്ന ചെകുത്താൻമാർക്ക്. ചരിത്രം തിരുത്താനുള്ള വരവാണ് അവരുടെ സുവർണ തലമുറയുടേത്. ആ വരവ് തടുക്കാൻ ഫ്രാൻസിൻ്റെ യുവനിരക്കാക്കുമോ.. കാത്തിരിക്കാം.

......................

click me!