
വത്തിക്കാന്‍: രാജി ആവശ്യപ്പെട്ടുള്ള ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോയുടെ കത്തിനോട് പ്രതികരിക്കാതെ ഫ്രാൻസിസ് മാർപ്പാപ്പ. കത്തിൽ തന്നെ അതിനുള്ള മറുപടിയുമുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞു. ലൈംഗികാരോപണം നേരിട്ട വാഷിംഗ്ടൺ മുൻ കർദിനാൾ തിയോഡർ മക്കാരിക്കിനെ മാർപാപ്പ സംരക്ഷിച്ചെന്നാണ് ആരോപണം.
സഭയ്ക്കകത്ത് നിന്ന് തന്നെയുയർന്ന രാജി ആവശ്യത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണമാരാഞ്ഞപ്പോഴാണ്, മറുപടി പറയാനില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയത്. കത്ത് മാധ്യമങ്ങൾ വിലയിരുത്തണം. ആവശ്യമെങ്കിൽ പിന്നീട് പ്രതികരിക്കാമെന്നും അയർലൻഡ്
സന്ദർശനത്തിന് ശേഷം റോമിലേക്ക് മടങ്ങവെ മാർപ്പാപ്പ പറഞ്ഞു.
വാഷിംഗ്ടൺ മുൻ കർദിനാൾ തിയോഡർ മക്കാരിക്കിനെതിരായ ലൈംഗികാരോപണം അഞ്ച് വർഷങ്ങൾക്ക് മുന്പ് തന്നെ
മാർപ്പാപ്പയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നാണ് അമേരിക്കയിലെ മുൻ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോയുടെ കത്തിൽ പറയുന്നത്. എന്നാൽ വർഷങ്ങളോളം നടപടിയുണ്ടായില്ല. ആരോപണം ശക്തമായപ്പോൾ മക്കാരികിനെ ചുമതലകളിൽ നിന്ന് നീക്കാൻ മാർപ്പാപ്പ ഉത്തരവിട്ടിരുന്നു. പിന്നാലെ കഴിഞ്ഞ മാസം മക്കാരിക്ക് രാജിവക്കുകയും ചെയ്തു.
പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ സഭയിലെ ഉന്നതർ ശക്തമായ നടപടി എടുക്കാത്തത് നാണക്കേടാണെന്ന് അയർലൻഡ് സന്ദർശനത്തിനിടെ മാർപ്പാപ്പ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഭയ്ക്കകത്ത് നിന്ന് തന്നെ രാജിക്കായി ആവശ്യം ഉയർന്നത്. സ്ഥാനാരോഹണം മുതൽ ഫ്രാൻസിസ് മാർപാപ്പയോട് എതിർപ്പുള്ളവരുടെ ആസൂത്രിത നീക്കമാണിതെന്ന് വത്തിക്കാൻ വൃത്തങ്ങൾ വിലയിരുത്തുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. സഭയിലെ യാഥാസ്ഥിതികർ പുരോഗമനവാദിയായ മാർപ്പാപ്പക്കെതിരെ ഈ അവസരം ഉപയോഗിക്കുകയാണെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam