
ദില്ലി: നല്ല മഴ ലഭിക്കാൻ മഴ ദൈവങ്ങൾ കനിഞ്ഞേ മതിയാകൂ. എന്നാൽ മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താൻ ഉത്തർപ്രദേശിലെ വാരണാസി നിവാസികൾ ചെയ്ത വിചിത്രമായ കാര്യം അറിഞ്ഞാൽ ഒരേ സമയം അത്ഭുതവും കൗതുകവും തോന്നും. തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാണ് ഇവർ ഇന്ദ്രനെ സന്തോഷിപ്പിക്കാനൊരുങ്ങിയത്. ജീവനുള്ള തവളകളാണെന്ന് കരുതിയെങ്കിൽ തെറ്റി. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച തവളകളുടെ രൂപങ്ങളാണ് പ്രതീകാത്മകമായി കല്യാണം കഴിച്ചത്.
വിവാഹവേഷത്തിലെത്തുന്ന യുവാവിന്റെ യുവതിയുടെയും കൈയിലെ പാത്രത്തിലാണ് തവളകളെ വച്ചിരിക്കുന്നത്. സംസ്കൃത വേദങ്ങൾ ചൊല്ലുന്ന പുരോഹിതരും വാദ്യമേളങ്ങളും ഉൾപ്പെടെ യഥാർത്ഥ വിവാഹ അന്തരീക്ഷം തന്നെയാണ് ഈ വിചിത്ര വിവാഹത്തിലും കാണാൻ സാധിക്കുക. മാത്രമല്ല, നവദമ്പതികൾക്ക് ആശംസ നേർന്നുകൊണ്ടുള്ള കാർഡും കാണാം. ''ഞങ്ങൾക്ക് മഴ വേണം. തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാൽ ഇന്ദ്രദേവൻ പ്രസാദിക്കുമെന്നും അതുവഴി ഗ്രാമത്തിൽ മഴ ലഭിക്കുമെന്നുമുളളത് വളരെ പഴയ ഒരു വിശ്വാസമാണ്. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ മഴ പെയ്തെങ്കിലും വാരണാസിയിൽ ഇതുവരെ മഴ എത്തിയിട്ടില്ല. എന്താണ് ഞങ്ങൾക്ക് മാത്രം മഴ നൽകാത്തതെന്ന് ഈ വിവാഹത്തിലൂടെ ഇന്ദ്രദേവനോട് ചോദിക്കുകയാണ് ഞങ്ങൾ ചെയ്തത്.'' വിവാഹത്തിന്റെ നടത്തിപ്പുകാരിലൊരാൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നു. വിവാഹത്തിന് ശേഷം ചിത്രങ്ങളുമെടുത്താണ് വധൂവരൻമാർ നാലുപേരും പിരിഞ്ഞത്.
തവള വിവാഹങ്ങൾ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോഴുമുണ്ട്. 2009 ൽ ഝാർഖണ്ഡിൽ വച്ച് സമാന രീതിയിൽ രണ്ട് തവളകൾ വിവാഹം കഴിച്ചിരുന്നു. അഞ്ഞൂറ് ആളുകൾക്ക് സദ്യ നൽകിയാണ് അന്ന് ആ വിവാഹം ആഘോഷിച്ചത്. കൂടാതെ ക്ഷണപത്രങ്ങളും വധുവിനും വരനും സഞ്ചരിക്കാൻ കാർ വരെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. ഏറ്റവും രസകരമായ വസ്തുത അന്നത്തെ തവളകൾ ജീവനുള്ളവയായിരുന്നു എന്നാണ്. പെൺതവളയുടെ പിതാവായി ഒരാൾ കന്യാദാനം വരെ സഘടിപ്പിച്ചിരുന്നു. കന്യാദാനം നടട്ടിയ അൾ തന്ന ആ തവളകളെ അന്ന് വീട്ടിൽ ഭക്ഷണവും സൗകര്യങ്ങളും കൊടുത്ത് സംരക്ഷിച്ചുവെത്രേ!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam