
മോസ്‌കോ: ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്‍റീനയുടെ മാന്ത്രികനായി ലിയോണല്‍ മെസി. ബോക്സിന് പുറത്ത് നിന്നുള്ള മെസിയുടെ ക്രോസ് മെര്‍ക്കാഡോയുടെ കാലില്‍ തട്ടി വല കുലുക്കിയതോടെ അര്‍ജന്‍റീന മുന്നിലെത്തി. ഗോള്‍ പോസ്റ്റിനെ ലക്ഷ്യമിട്ടുള്ള മെസിയുടെ തകര്‍പ്പനടി അര്‍ജന്‍റീന പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടി ഫ്രാന്‍സിന്‍റെ വല തുളച്ചുകയറുകയായിരുന്നു. ആദ്യ പകുതിക്ക് പിന്നാലെ 48 ാം മിനിട്ടിലായിരുന്നു ആരാധകരെ ഇളക്കിമറിച്ച തകര്‍പ്പന്‍ ഗോള്‍ പിറന്നത്.
നേരത്തെ 41-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ അക്ഷരാര്‍ത്ഥത്തില്‍ അര്‍ജന്‍റീനയുടെ മാലാഖയായപ്പോളാണ് മെസിപ്പട ഫ്രാന്‍സിന് ഒപ്പമെത്തിയത്. 13-ാം മിനുറ്റില്‍ പെനാല്‍ട്ടി വലയിലെത്തിച്ച ഗ്രീസ്മാന്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചിരുന്നു. എംബാപ്പെയെ ബോക്‌സില്‍ റോജോ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രീസ്മാന്‍ തുടക്കം ഫ്രാന്‍സിന് അനുകൂലമാക്കി.
21-ാം മിനുറ്റില്‍ ഫ്രാന്‍സിന് വീണ്ടുമൊരു സുവര്‍ണാവസരം ലഭിച്ചു. എംബാപ്പെയെ ബോക്സിന് തൊട്ടുപുറത്ത് തഗ്ലിയാഫികോ വീഴ്ത്തിയതിന് റഫറിയുടെ വക മഞ്ഞക്കാര്‍ഡും ഫ്രീകിക്കും. എന്നാല്‍ കിക്കെടുത്ത പോഗ്ബ പന്ത് ബാറിന് മുകളിലൂടെ പറത്തിയത് ഫ്രാന്‍സിന് തിരിച്ചടിയായി.
26-ാം മിനുറ്റില്‍ വീണ്ടും അര്‍ജന്‍റീനയ്ക്ക് അപകടം സൃഷ്ടിച്ച് ഗ്രീസ്മാന്‍റെ മുന്നേറ്റം. 33-ാം മിനുറ്റില്‍ ഒരിക്കല്‍ കൂടി ഫ്രാന്‍സിന്‍റെ മിന്നല്‍ കുതിപ്പ്. എന്നാല്‍ 37, 38 മിനുറ്റുകളില്‍ അര്‍ജന്‍റീന കാട്ടിയ അപ്രതീക്ഷിത നീക്കങ്ങള്‍ ഫ്രാന്‍സിനെ ഞെട്ടിച്ചു. പിന്നാലെ 41-ാം മിനുറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള മരിയയുടെ ലോംഗ് റേഞ്ചര്‍ ബുള്ളറ്റ് ഫ്രാന്‍സിന്‍റെ നെഞ്ചിലേക്ക് തുളച്ചുകയറി. മാലാഖയുടെ ചിറകുകളുള്ള ഗോള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam