കേരളത്തിലേക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവെത്തുന്നു; എക്‌സൈസ് പരിശോധന

By Web DeskFirst Published Feb 12, 2017, 11:35 AM IST
Highlights

കൊച്ചി: ആന്ധ്രാപ്രദേശില്‍ നിന്നും കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് തടയാന്‍ അതിര്‍ത്തി ജില്ലകളില്‍ എക്‌സൈസ് അധികൃതര്‍ പരിശോധന ശക്തമാക്കി. ഇതരസംസ്ഥന ലോബി തീവണ്ടിയിലാണ് ആന്ധ്രാപ്രദേശില്‍ നിന്ന് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. തീവണ്ടിയില്‍ കൊണ്ടുവരുന്നതിനിടെ 19 കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഉപ്പളയില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശി രതീഷാണ് ആന്ധ്ര പ്രദേശില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന വിവരം എക്‌സൈസ് അധികൃതര്‍ക്ക് നല്‍കിയത്.

കേരളത്തില്‍ എല്ലാ ജില്ലകളിലിലും  കഞ്ചാവ് എത്തിക്കാന്‍ വിവിധ തലങ്ങളില്‍ ഏജന്റുകളുണ്ടെന്നും ഇയാള്‍ എക്‌സൈസ് അധികൃതരോട് പറഞ്ഞു. വന്‍ വിലക്കുറവുള്ളതും തീവണ്ടിമാര്‍ഗം പരിശോധനകള്‍ മറികടന്ന് കൊണ്ടുവരാനുള്ള സൗകര്യങ്ങളും കണക്കിലെടുത്താണ് മാഫിയ കഞ്ചാവ് കൊണ്ടുവരാന്‍ ആന്ധ്ര പ്രദേശ് തെരെഞ്ഞെടുക്കാന്‍ കാരണം. കിലോ കണക്കിനു വരുന്ന കഞ്ചാവ് ബാഗുകളിലാക്കി തീവണ്ടിയില്‍ യാത്രക്കാരെപോലെയാണ് കഞ്ചാവ് മാഫിയ ഏജന്റുമാര്‍ സഞ്ചരിക്കുന്നത്.

തീവണ്ടിയില്‍ ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നത് പതിവായ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ രതീഷിനെ എക്‌സൈസ് അധികൃതര്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. ഇയാള്‍  നല്‍കിയ വിവരമനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
 

click me!