
ശ്വാസംമുട്ടലും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് സഹപാഠികൾ ആശുപത്രിയിലായതിന്‍റെ ഭീതിയിലാണ് എറണാകുളം അമ്പലമുകൾ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. സ്കൂൾ മതിലിന് തൊട്ടപ്പുറത്തുള്ള എണ്ണ ശുദ്ധീകരണശാലയിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് സംശയം. സ്കൂളിന് കളക്ടർ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.
ഹയർസെക്കൻഡറി വിഭാഗത്തിൽ ഇപ്രൂവ്മെന്‍റ് പരീക്ഷ നടക്കുന്നതിനിടെ രാവിലെ ഒന്പത് മണിയോടെ മൂന്ന് കുട്ടികൾ ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും പ്രകടിപ്പിച്ച് കുഴഞ്ഞ് വീണു. നിമിഷങ്ങൾക്കുള്ളിൽ തൊട്ടടുത്തെ ക്ലാസുകളിലെ കുട്ടികളും അധ്യാപകരും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് പുറത്തേക്കോടി. പരിഭ്രാന്തരായ അധ്യാപകർ നാട്ടുകാരെയും രക്ഷിതാക്കളെയും വിവരം അറിയിച്ചു. ബിപിസിഎൽ കമ്പനിയിലും വിവരമറിയിച്ചതിനെ തുടർന്ന് പെട്ടെന്ന് തന്നെ ആംബുലൻസ് എത്തിച്ച് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ മതിലിന് തൊട്ടപ്പുറത്തുള്ള ബിപിസിഎല്ലിന്‍റെ എണ്ണ ശുദ്ധീകരണശാലയിൽ നിന്ന് വാതകം ചോർന്നെന്നാണ് സംശയം. എന്നാൽ ആരോപണം കമ്പനി നിഷേധിച്ചു.
അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ സ്കൂൾ കമ്പനിക്കരികിൽ നിന്ന് മാറ്റണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം. കളക്ടർ നൽകിയ രണ്ട് ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ തുറക്കണമെങ്കിൽ ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് കിട്ടണമെന്നും രക്ഷിതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam