ഗൗരി നേഹയുടെ മരണം; സസ്പെന്‍ഷനിലായിരുന്ന അധ്യാപികമാര്‍ക്ക് വരവേല്‍പ്പ് നല്‍കി മാനേജ്മെന്‍റ്

By Web DeskFirst Published Feb 5, 2018, 5:15 PM IST
Highlights

കൊല്ലം:പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന അധ്യാപികമാരെ കൊല്ലം ട്രിനിറ്റി സ്കൂള്‍ തിരിച്ചെടുത്തു. കേക്ക് നല്‍കിയാണ് അധ്യാപികമാരെ മാനേജ്മന്‍റ് സ്വീകരിച്ചത്. 

നാല് മാസത്തോളം നീണ്ട സസ്പെന്‍ഷന് ശേഷമാണ് അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്‍റ് എന്നിവരെ സ്കൂളില്‍ തിരിച്ചെടുത്തത്. മടങ്ങിയെത്തിയ അധ്യാപകമാര്‍ക്ക് മികച്ച് വരവേല്‍പാണ് മാനേജ്മെന്‍റ് നല്‍കിയത്. 

അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അധ്യാപികമാരെ തിരിച്ചെടുത്തതെന്ന് ഗൗരി നേഹയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ട്രിനിറ്റി സ്കൂളിന് സമീപം ജസ്റ്റിസ് ഫോര്‍ ഗൗരി നേഹ എന്നെഴുതി സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

അധ്യാപികമാരെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം എഇഒ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

അധ്യാപികമാരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് ആരോപണം പല കോണുകളില്‍ നിന്നുമുയര്‍ന്നു. യുവജനസംഘടനകളുടെ വലിയ പ്രതിഷേധം ഉണ്ടായതോടെയാണ് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് നവംബറില്‍ ഹൈക്കോടതി ഇവര്‍ക്ക് നിബന്ധനകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

click me!