ഗള്‍ഫ് പ്രതിസന്ധി; കുവൈറ്റില്‍ ചേരാനിരുന്ന ജിസിസി ഉച്ചകോടി മാറ്റിവച്ചേക്കും

By Web DeskFirst Published Oct 24, 2017, 12:04 AM IST
Highlights

കുവൈറ്റ്: ഡിസംബറില്‍ കുവൈറ്റില്‍ ചേരാനിരുന്ന ജിസിസി ഉച്ചകോടി മാറ്റിവെക്കാന്‍ തീരുമാനിച്ചതായി സൂചന. ഗള്‍ഫ് പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഉച്ചകോടി ചേരുന്നത് വിപരീത ഫലം ചെയ്‌തേക്കുമെന്ന ആശങ്കയിലാണ് ആതിഥേയരായ കുവൈറ്റ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ജിസിസി ഉച്ചകോടിയില്‍ നിലവിലെ ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ നിലനില്‍ക്കെയാണ് ഉച്ചകോടി മാറ്റിവെക്കാനുള്ള നീക്കം നടക്കുന്നത്. 

കഴിഞ്ഞ ദിവസം റിയാദ് സന്ദര്‍ശിച്ച കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് സല്‍മാന്‍ രാജാവുമായി ഇക്കാര്യം സംസാരിച്ചതായാണ് വിവരം. ഉച്ചകോടി മാറ്റിവെക്കുകയാണ് നല്ലതെന്ന തങ്ങളുടെ അഭിപ്രായം സൗദി രാജകുമാരനെ അദ്ദേഹം ധരിപ്പിച്ചതായും സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള കുവൈറ്റ് അമീറിന്റെ സന്ദേശം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും കൈമാറിയിട്ടുണ്ട്. 

ഉച്ചകോടി മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖത്തറിനെ അറിയിച്ചതായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അസ്സബാഹ് അറിയിച്ചു.81 ല്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഉച്ചകോടി ചേരുന്നതിന് തടസം നേരിടുന്നത്.ഇതിനിടെ ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയുന്നതിന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടീല്ലേഴ്‌സന്‍ ദോഹയിലെത്തി.
 

click me!