ക്ലബ്ബുകളുടെയും സംഘടനകളുടേയും മറവില്‍ കൊച്ചിയില്‍ ജി.സി.ഡി.എ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നു

By Web DeskFirst Published Dec 12, 2016, 5:43 AM IST
Highlights

കൊച്ചി നഗരത്തിലെ വി.ഐ.പി പ്രദേശങ്ങളിലൊന്നാണ് പനമ്പള്ളി നഗര്‍. സെന്റിന് ചുരുങ്ങിയത് 70 ലക്ഷം രൂപ വിപണി വില വരും. നടപ്പാതയോട് ചേര്‍ന്നുള്ള ഈ ഭൂമി ഇപ്പോള്‍ മാസം 500 രൂപ പാട്ടത്തിന് കൈമാറിയിരിക്കുന്നത് പ്രശസ്ത ഹൃദ്രോഗ വിദഗ്ദന്‍ ഡോ. ജോസ് ചാക്കോ പെരിയപുറത്തിനാണ്. 2015 സെപ്തംബര്‍‍ 29 നാണ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹം കത്തു നല്‍കിയത്. ഫൗണ്ടേഷന് 50 സെന്റ് സ്ഥലം വേണമെന്നായിരുന്നു അപേക്ഷ. പിന്നെ നടപടികളെല്ലാം വേഗത്തില്‍ നടന്നു. മൂന്ന് മാസത്തിനുള്ളില്‍ പനമ്പള്ളി നഗറിലെ 15 സെന്‍റ് ഭൂമി അനുവദിച്ച് ജി.സി.ഡി.എ തീരുമാനമെടുത്തു. വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തുന്നത് ചെയര്‍മാന്‍ എന്‍ വേണുഗോപാലിനെയായിരുന്നു.

ഒടുവില്‍ ‍ഡോക്ടര്‍  ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ പേരില്‍ പാട്ടക്കരാറുമായി. പത്ത് വര്‍ഷമായിരുന്നു പാട്ടക്കാലാവധി. തൊട്ടുപിന്നാലെ മൂന്ന് നില കെട്ടിട സമുച്ചയം പണിയാനുള്ള പ്ലാന്‍ ജി.സി.ഡി.എയുടെ മുന്നിലെത്തി. എന്നാല്‍ നിയമവിരുദ്ധമായ പല കാര്യങ്ങളും  ചൂണ്ടിക്കാട്ടി പ്ലാനിംഗ് വകുപ്പ് ഇതിനെ എതിര്‍ത്തു. പാര്‍ക്കിന് വേണ്ടി ജി.സി.ഡി.എ വാങ്ങിയ സ്ഥലമായിരുന്നു ഇത്. സ്ഥലം വകമാറ്റി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പാട്ടത്തുക നിശ്ചയിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണോ എന്ന് പരിശോധിക്കണം. 10 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ എങ്ങിനെ സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.സി ജോസഫ് സര്‍ക്കാരിന് എഴുതിയ കത്തില്‍  ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ പണിതുയര്‍ത്തിയിരിക്കുന്ന പല കെട്ടിടങ്ങളും പാര്‍ക്കിന്റെ പശ്ചാത്തലത്തില്‍ തന്നെയാണെന്നും സമൂഹത്തിന് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ അത്തരം സ്ഥലങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് എന്നാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ അഭിപ്രായം. ഈ സ്ഥാലം പാര്‍ക്കിന് വേണ്ടി ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഇത്തരം പ്രശ്നങ്ങളില്ലാത്ത മറ്റൊരു സ്ഥലം തങ്ങള്‍ക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. ഇതേക്കുറിച്ച് ലഭിച്ച പരാതികളെ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.

click me!