
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് ഗീത ഗോപിനാഥ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശ സംഘത്തിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പത്തുമായാണ് ഗീത ഗോപിനാഥ് കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവാകുന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്‌മിയുടെയും മകളാണ് ഗീത ഗോപിനാഥ്. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദം നേടിയ ഗീത ഗോപിനാഥ് ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. 1990-91 കാലഘട്ടത്തില്‍ നവ ഉദാരവല്‍ക്കരണ നയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഉള്‍പ്പടെ നിരവധി വിദേശ സര്‍വ്വകലാശാലകളില്‍ അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സാമ്പത്തിക ശാസ്‌ത്ര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam