ദില്ലിയില്‍ ഭിന്നശേഷിയുള്ള 13കാരിയെ കൂട്ടബലാത്സംഗം  ചെയ്ത ശേഷം റെയില്‍വേട്രാക്കിലേക്ക് വലിച്ചെറിഞ്ഞു

By Web DeskFirst Published May 26, 2016, 7:30 AM IST
Highlights

ദില്ലി: തലസ്ഥാനത്ത്  ഭിന്നശേഷിയുള്ള പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം റയില്‍വേട്രാക്കിലേക്ക് വലിച്ചെറിഞ്ഞു. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അറിയിച്ചു.

മെയ് 17 നാണ് തെക്ക് കിഴക്കന്‍ ദില്ലിയിലെ പുല്‍ പ്രഹ്ലാദ്പൂരില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ കാണാതാവുന്നത്. പൊലീസിനെ അറിയിച്ചെങ്കിലും തൊട്ടടുത്ത ദിവസം നാട്ടുകാരാണ് റയില്‍വ്വെ ട്രാക്കില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. 

മാതാപിതാക്കളെ  നേരത്തെ നഷ്ടപ്പെട്ട പെണ്‍കുട്ടി അമ്മയുടെ ബന്ധുവിന്റെ കൂടെ കഴിയുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ദില്ലി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു. വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും സാധാരണ ജനങ്ങളുടെ ഇത്തരം വിഷയങ്ങളില്‍ നിയമപരമായി ഇടപെടാനുള്ള അവകാശം ദില്ലി സര്‍ക്കാരിന് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടപടിയെടുക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം വനിതാ കമ്മീഷനെ അറിയിക്കാത്തത് ചൂണ്ടിക്കാട്ടി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ദില്ലി പൊലീസിന് നോട്ടീസയച്ചു. ദില്ലിയില്‍ അക്രമങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ സ്വതന്ത്ര സംസ്ഥാന പദവിയുടെ കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായമറിയാന്‍ ബില്ലിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി.

click me!