'സിതാര എന്ന ആണ്‍കുട്ടി'; പെണ്ണായി ജനിച്ച് ആണാകാന്‍ വിധിക്കപ്പെട്ടവള്‍

By Web DeskFirst Published Apr 23, 2018, 2:59 PM IST
Highlights
  • വര്‍ഷങ്ങളായി ആണായി ജീവിച്ച് ഒരു പെണ്ണ്

സിതാര ജനിച്ച് വീണപ്പോള്‍ അവളൊരു പെണ്ണായിരുന്നു. ഇന്നും സ്വപ്നങ്ങളില്‍ നീട്ടി വളര്‍ത്തിയ തലമുടിയും പാവാടയും കൂട്ടുകാരുമൊത്തുള്ള കലപിലകളുമാണ്. എന്നാല്‍ അവള്‍ ഇന്ന് പെണ്ണല്ല. ആചാരങ്ങളുടെ പേരില്‍ ആണായി തെരഞ്ഞെടുക്കപ്പെട്ടവളാണവള്‍. 

അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ആചാരമാണ് ബച്ചാ പോഷി. പുരുഷന്മാര്‍ക്ക് മാത്രം അധികാരമുള്ള സമൂഹത്തില്‍ ആണ്‍കുഞ്ഞ് പിറക്കാതെ പോയ രക്ഷിതാക്കള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളിലൊരാളെ  ആണായി തെരഞ്ഞെടുക്കുന്നു. അന്നുമുതല്‍ അവള്‍ ആണാണ്. ആണ്‍ വേഷം കെട്ടിയാല്‍ മാത്രം പോരാ... ഒരു കുടുംബത്തിലേക്ക് മകന്‍ ചെയ്യണമെന്ന് അവര്‍ വിശ്വസിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പിന്നെ അവളുടെ ചുമലിലാണ്. 

പെണ്‍കുട്ടികള്‍ ചെയ്യുന്നതൊന്നും ചെയ്യാന്‍ അവളെ അനുവദിക്കാറില്ല

സിതാരയും ബച്ചാ പോഷി എന്ന ആചാരത്തില്‍പെട്ട് ആണ്‍കുട്ടിയായി തീര്‍ന്നവളാണ്. 18 വയസ്സാണ് അവള്‍ക്ക് പ്രായം. സ്ത്രീകള്‍ക്ക് അഫ്ഗാനിലെ ഗ്രാമങ്ങളില്‍ സ്വാതന്ത്ര്യമില്ല. അവര്‍ അടുക്കളയില്‍ ഒതുങ്ങിക്കഴിയണം. പുറംലോകം അവരുടേതല്ല. എന്നാല്‍ ബച്ചാ പോഷ് ആയി തിരഞ്ഞ‌െടുക്കപ്പെട്ട സിതാര അഫ്ഗാന്‍ പുരുഷന്മ‍ാരുടെ വസ്ത്രമാണ് അണിയുന്നത്. പ്രായമായ അച്ഛനെയും അമ്മയെയും താഴെയുള്ള നാല് സഹോദരിമാരെയും നോക്കാന്‍ ഇഷ്ടിക നിര്‍മ്മാണമാണ് അവളുടെ ജോലി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ പൊടിയും വെയിലുമടിച്ച് ഇഷ്ടിക നിര്‍മ്മിച്ചാല്‍ 160 അഫ്ഗാനിസ് (ഇന്ത്യന്‍ രൂപ 150)ആണ് ലഭിക്കുക. 500 ഇഷ്ടിക വരെ സിതാര ഒരു ദിവസം തയ്യാറാക്കും. 

'' ഒരിക്കലും പെണ്‍കുട്ടിയാണെന്ന് ഇതിനിടയ്ക്ക് തേന്നിയിട്ടില്ല. അച്ഛന്‍ പറയാറുള്ളത് ഞാന്‍ അദ്ദേഹത്തിന്‍റെ മൂത്ത മകനാണെന്നാണ്. അദ്ദേഹത്തിന്‍റെ മൂത്തമകനെന്ന നിലയിലാണ് നാട്ടിലുള്ളവരുടെ സംസ്കാര ചടങ്ങുകള്‍ക്കെല്ലാം  പങ്കെടുക്കാറുള്ളത്. '' - സിതാര പറഞ്ഞു.

പുരുഷനായി തന്നെ വേഷം ധരിക്കുന്നത് സ്വയം രക്ഷക്കാണ്

പെണ്‍കുട്ടികള്‍ ചെയ്യുന്നതൊന്നും ചെയ്യാന്‍ അവളെ അനുവദിക്കാറില്ല. ആണ്‍ ആയി തന്നെയാണ് രക്ഷിതാക്കള്‍ അവളെ കാണുന്നത്. ചിലര്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന അലിഖിത സ്വാതന്ത്ര്യം അനുഭവിക്കാന്‍ ബച്ചാ പോഷിയെ ഉപയോഗപ്പെടുത്താറുണ്ട്. ഇത് ഈ സമൂഹത്തില്‍ അംഗീകരിച്ചതാണ്. ഒരിക്കല്‍ ആണായി കണ്ട് തുടങ്ങിയാല്‍ അവര്‍ക്ക് പുരുഷനുള്ള എല്ലാ സ്വാതന്ത്ര്യവും അംഗീകരിച്ച് നല്‍കും. 

മിക്കവരും പ്രായപൂര്‍ത്തിയായാല്‍ ആണായി വേഷം ധരിക്കുന്നത് ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ താന്‍ പുരുഷനായി തന്നെ വേഷം ധരിക്കുന്നത് സ്വയം രക്ഷക്കാണെന്നാണ് സിതാര പറയുന്നത്. രാവിലെ മുതല്‍ വൈകീട്ട് വരെ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് 18 വയസ്സുള്ള പെണ്‍കുട്ടിയാണെന്നറിഞ്ഞാല്‍ താന്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ചിലപ്പോള്‍ ആളുകള്‍ തന്നെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചേക്കാം, അവള്‍ തുടര്‍ന്നു. 

ഇഷ്ടിക കമ്പനി ഉടമയില്‍നിന്ന് വാങ്ങിയ കടം തിരിച്ച് നല്‍കാനാണ് സിതാരയും അച്ഛനും രാവിലെ മുതല്‍ പണിയെടുക്കുന്നത്. സഹോദരിമാരും സ്കൂളില്‍ പോകാതെ ഇഉവര്‍ക്കൊപ്പം ചേരും. നാളെ അവരെ വിവാഹം കഴിപ്പിച്ച് അയച്ചാല്‍ പിന്നീടവര്‍ വീട്ടിനുള്ളില്‍ തന്നെ ആയിരിക്കും.

ഇതല്ലാതെ ഞാന്‍ മറ്റെന്ത് ചെയ്യാനാണ്, എനിക്ക് വേറെ മാര്‍ഗ്ഗമില്ല

''ഈ കഷ്ടപാടുകളില്‍ ഒട്ടും ദുഃഖമില്ല. പ്രായപൂര്‍ത്തിയായെന്നും ഇനിയും ഇഷ്ടിക കമ്പനിയില്‍ പണിക്ക് പോകരുതെന്നും പലരും പറയാറുണ്ട്. എന്നാല്‍ ഇതല്ലാതെ ഞാന്‍ മറ്റെന്ത് ചെയ്യാനാണ്. എനിക്ക് വേറെ മാര്‍ഗ്ഗമില്ല. ഞാന്‍ കഷ്ടപ്പെടുന്നത് സഹോദരിമാര്‍ക്കുകൂടി വേണ്ടിയാണ്. എനിക്ക് വേണ്ടെന്ന് വയ്ക്കാം. അതോടെ എന്‍റെ താഴെയുള്ള 13 വയസ്സുള്ള അനിയത്തി ഈ ഭാരം ഏറ്റെടുക്കേണ്ടി വരും. അവള്‍ ഇഷ്ടിക നിര്‍മ്മിക്കാന്‍ പോകേണ്ടി വരും. അത് കാണാന്‍ എനിക്ക് പറ്റില്ല '' സിതാരയുടേത് ഉറച്ച് ശബ്ദമായിരുന്നു. 

തനിക്ക് ഒരു മകനുണ്ടായിരുന്നെങ്കില്‍ സിതാരയുടേത് ഇങ്ങനെ ഒരു അവസ്ഥയാകുമായിരുന്നില്ലെന്ന് അവളുടെ പിതാവ് നൂര്‍ പറഞ്ഞു. എല്ലാ ഉത്തരവാദിത്വങ്ങളും തന്‍റെയും സിതാരയുടെയും ചുമലിലാലണ്. സിതാരയുടെ അമ്മയ്ക്ക് പ്രമേഹ സംബന്ധമായ രോഗമാണ്. അതിനുള്ള ചികിത്സയ്ക്കാണ് കമ്പനി ഉടമയില്‍നിന്ന് പണം കടംവാങ്ങിയത്. ആ തുക വീട്ടാനാണ് പണിയെടുക്കുന്നതെന്നും നൂര്‍ പറഞ്ഞു 

"വര്‍ഷങ്ങളായി ആണ്‍കുട്ടിയായി വേഷം കെട്ടുമ്പോഴും എനിക്ക് സഹോദരനുണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്.  എങ്കില്‍ എന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായേനെ. മുടി നീട്ടി വളര്‍ത്താനും മറ്റെല്ലാവരെയും പോലെ പെണ്‍കുട്ടിയായി സ്കൂളില്‍ പോകാനുമെല്ലാമായേനെ... " - സിതാര 

click me!