
മുംബൈ: വിൽപന വർധിപ്പിക്കാൻ മദ്യത്തിന് സ്ത്രീകളുടെ പേരിടണമെന്ന് പൊതുചടങ്ങിൽ പ്രസംഗിച്ച് പുലിവാലുപിടിച്ച് മഹാരാഷ്ട്ര ജലവിഭവമന്ത്രിയും മുതിന്ന ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജൻ. കഴിഞ്ഞദിവസം നന്ദുർബാറിലെ പഞ്ചസാര ഫാക്ടറിയുടെ പൊതുപരിപാടിയിലാണ് മന്ത്രിയുടെ വിവാദപരാമർശം. മഹാരാജ എന്ന പേരിൽ മദ്യം ഉൽപാദിപ്പിക്കുന്ന പഞ്ചസാരഫാക്ടറിയാണിത്.
വിൽപന വർധിപ്പിക്കാൻ മഹാരാജ എന്ന പേര് മാറ്റി മഹാറാണി എന്നു തിരുത്തണമെന്നായിരുന്നു മന്ത്രി പറഞ്ഞത്. സ്ത്രീകളുടെ പേരിലുള്ള ബോബി, ജൂലി എന്നീ മദ്യങ്ങളെക്കുറിച്ചും പരാമർശിച്ച മന്ത്രി, പുകയില ഉൽപന്നങ്ങൾക്കും സ്ത്രീകളുടെ പേരിടുന്നതാണ് ഇപ്പോഴത്തെ ശൈലിയെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി മാപ്പുപറഞ്ഞു.
ഗ്രാമങ്ങളിൽ മദ്യത്തിനെതിരെ സ്ത്രീകൾ രംഗത്തിറങ്ങുമ്പോൾ ഒരു മന്ത്രി സ്ത്രീകളെ അപമാനിച്ചും മദ്യത്തെ അനുകൂലിച്ചും പ്രസംഗിച്ചത് നിർഭാഗ്യകരമാണെന്ന് ഭരണകക്ഷിയായ ശിവസേന പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിലെഴുതി. ശ്മശാനത്തിന് വകുപ്പില്ലാത്തതും മഹാജൻ അതിന്റെ മന്ത്രിയാകാഞ്ഞതും ഭാഗ്യമാണെന്നും ശിവസേന പരിഹസിച്ചു. മദ്യത്തെയും ബിജെപി അനുകൂലിക്കുന്നോ എന്ന് കോൺഗ്രസും മദ്യലഹരിയിലാണോ മന്ത്രിയുടെ പ്രസ്താവനയെന്ന് എൻ.സി.പിയും ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam