
ദില്ലി: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയില് കേരളം രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവയാണ് ഒന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണങ്ങൾക്കെതിരായ സംരക്ഷണം എന്നീ ഘടകങ്ങൾ പരിശോധിച്ച് തയാറാക്കിയ ലിംഗാനുഭദ്രത സൂചികയിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യമായാണ് ഇത്തരമൊരു പട്ടിക രാജ്യത്ത് തയാറാക്കുന്നത്. റിപ്പോർട്ട് തയാറാക്കുന്നതിന് 2011 ലെ സെൻസസ് അടക്കം 170 സൂചികകൾ പരിശോധിച്ചു. പ്ലാൻ ഇന്ത്യ തയാറാക്കിയ പട്ടിക വനിത ശിശുക്ഷേമ മന്ത്രാലയമാണ് പുറത്തുവിട്ടത്.
റാങ്കിംഗിൽ ഗോവയ്ക്ക് 0.656 പോയിന്റാണ് ലഭിച്ചത്. ഇത് ദേശീയ ശരാശരിയേക്കാൾ (0.5314) മുകളിലാണ്. കേരളവും ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 0.634 പോയിന്റാണ് കേരളം നേടിയത്. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയിലും കേരളമാണ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നിൽ.
രാജ്യതലസ്ഥാനമായ ഡൽഹി സ്ത്രീസുരക്ഷയിൽ ഏറ്റവും പിന്നിലാണെന്ന വിവരമാണ് പട്ടിക വ്യക്തമാക്കുന്നത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ പിന്നാക്കമാണ്. പട്ടികയിൽ ഉത്തർപ്രദേശ് ഏറ്റവും പിന്നിലാണ്. യുപി 0.434 പോയിന്റുമായി 29-മത്തെ സ്ഥാനത്താണുള്ളത്. ഡൽഹിയാണ് യുപിക്ക് മുകളിലായുള്ളത്. പൂജ്യത്തിൽനിന്നും ഒന്നിലേക്കാണ് പോയിന്റ് കണക്കുകൂട്ടിയത്. ഒന്നിനോട് അടുക്കുന്തോറും സുരക്ഷ വർധിക്കുന്നതായാണ് മനസിലാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam