
എംപിമാരുടെയും എംഎല്‍എമാരുടെയും അനധികൃത സ്വത്ത് സന്പാദനം സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു. 289 പേരുടെ സ്വത്തു വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിക്ക് നല്‍കിയത്. അതേസമയം പത്രത്തില്‍ വാര്‍ത്തയായ റിപ്പോര്‍ട്ട് എന്തിനാണ് മുദ്ര വച്ച കവറില്‍ നല്‍കുന്നതെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചു.
രാജ്യത്തെ എംപിമാരുടെയും എംഎല്‍എമാരുടെയും അനധികൃത സ്വത്ത് സന്പാദനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയാ ലോ പ്രഹരിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഈ കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് മുദ്ര വച്ച കവറില്‍ സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചത്. പലരുടെയും സ്വത്തില്‍ അഞ്ചുവര്‍ഷത്തിനിടെ 500 ശതമാനത്തിലധികം വര്‍ധന ഉണ്ടായതായി കേസ് പരിഗണിക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തി. ഇത്രയും പണം ഇവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നും ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നു കോടതി സര്‍ക്കാരിനോട് ചോദിച്ചു. എംപിമാരും എംഎല്‍എമാരുമടക്കം 289 പേരുടെ സ്വത്ത് വിവരങ്ങളാണ് ഇന്ന് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ എല്ലാ മാധ്യമങ്ങളിലും വിശദമായ വാര്‍ത്ത വന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് എന്തിന് മുദ്ര വച്ച് കവറില്‍ നല്‍കിയതെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത രാവിലെ താന്‍ പത്രത്തില്‍ വായിച്ചിരുന്നുവെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. എംപിമാരുടെയും എംഎല്‍എമാരുടെയും പേരുവിവരങ്ങള്‍ പത്രങ്ങളില്‍ ഇല്ലായിരുന്നുവെന്നും ഇത് പുറത്തു വരാതിരിക്കാനാണ് മുദ്ര വച്ച കവറില്‍ നല്‍കിയതെന്നുമായിരുന്നു ഇതിന് അഭിഭാഷകന്‍റെ മറുപടി. അതേസമയം ഭൂരിഭാഗം എംപിമാരും പ്രവര്‍ത്തന മികവുള്ളവരാണെന്നും മുഴുവന്‍ രാഷ്‍ട്രീയ പ്രവര്‍ത്തകരെയും മോശക്കാരായി ചിത്രീകരിക്കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam