Latest Videos

ഐ.എ.എസ് ചേരിപ്പോര് സര്‍ക്കാറിന് തലവേദനയാകുന്നു; പ്രതിഷേധം തണുപ്പിക്കാന്‍ നീക്കം

By Web DeskFirst Published Jan 8, 2017, 7:36 AM IST
Highlights

അസാധാരണ നിലയിലേക്കെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ തമ്മിലടി കടുത്ത തലവേദനയാണ് സര്‍ക്കാറിന് ഉണ്ടാകുന്നത്. മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചെങ്കിലും അസോസിയേഷന്‍  വിട്ടുവീഴ്ചക്ക് തയ്യാറല്ല. കൂട്ട അവധിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം ഉദ്ദ്യോഗസ്ഥരുടെ തീരുമാനം.  ജേക്കബ് തോമസിനെതിരായ ആക്ഷേപങ്ങളും പരാതികളും അസോസിയേഷന്‍, മുഖ്യമന്ത്രിയോട് ഉന്നയിക്കും. പിണറായിയുടെ അടുത്ത നടപടിയാണ് നിര്‍ണ്ണായകം. ജേക്കബ് തോമസിനെ മുഖ്യമന്ത്രി പതിവ് പോലെ കൈവിടാനിടയില്ല. എന്നാല്‍ ഒരു ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ ഒന്നടങ്കം ഗുരുതര ആക്ഷേപങ്ങളുമായി രംഗത്തെത്തിയത് സര്‍ക്കാറിന് കണ്ടില്ലെന്ന് നടിക്കാനുമാകില്ല. ചേരിപ്പോരില്‍ തുടക്കം മുതല്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന പരാതിയും അസോസിയേഷനുണ്ട്. 

അവസരം മുതലെടുത്ത് പ്രതിപക്ഷം സര്‍ക്കാറിനെതിരെ രംഗത്തെത്തി. കേരളം ഭരണതകര്‍ച്ചയിലേക്ക് പോകുന്നെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഉദ്യോഗസ്ഥരുടെ പരാതി വാങ്ങി വെച്ച്  മുഖ്യമന്ത്രി ഉറങ്ങുകയാണ്. ജേക്കബ് തോമസിനെതിരായ പരാതിയില്‍ മുഖ്യമന്ത്രി നടപടിയെടുക്കുന്നില്ലെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറ‌ഞ്ഞു. ഉദ്യോഗസ്ഥരെ അനാവശ്യമായി ക്രൂശിക്കുന്നത് സര്‍ക്കാര്‍ രീതിയല്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും പ്രശ്നങ്ങള്‍ പെരുപ്പിച്ച് കാട്ടേണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

കാഷ്വല്‍ ലീവെടുത്തുള്ള അവധിക്കാണ് അസോസിയേഷന്റെ ആഹ്വാനമെന്നതിനാല്‍ അപേക്ഷയില്‍ മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും അനുമതി ആവശ്യമില്ല. എന്നാല്‍ പ്രതിഷേധ സൂചകമായുള്ള കൂട്ട അവധിക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും സര്‍ക്കുലര്‍ ഇറക്കുമോ എന്നും വ്യക്തമല്ല.

click me!