ചിലവിന് കാശില്ലാതെ അമേരിക്കന്‍ സര്‍ക്കാര്‍

By Web DeskFirst Published Jan 22, 2018, 8:59 AM IST
Highlights

വാഷിങ്ടണ്‍: ധനകാര്യ ബിൽ പാസാകാത്തതിനാല്‍ ചിലവിന് കാശില്ലാതെ അമേരിക്കന്‍ സര്‍ക്കാര്‍. സർക്കാരിനു പണം കണ്ടെത്താനായി ഒരു താൽക്കാലിക ബിൽ ഇന്നു സെനറ്റിൽ അവതരിപ്പിക്കാനാണ് ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രശ്നപരിഹാരത്തിനു ഭരണ–പ്രതിപക്ഷ ചർച്ച പുരോഗമിക്കുന്നുണ്ട്.

ട്രംപ് സർക്കാരിന്‍റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ചാണു പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി സെനറ്റിൽ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തത്. എന്നാൽ, ബിൽ പാസാക്കാതെ ഈ വിഷയത്തിൽ ഡമോക്രാറ്റുകളുമായി ചർച്ചയില്ലെന്ന നിലപാടിലാണു റിപ്പബ്ലിക്കൻ പാർട്ടി.  സർക്കാർ ജീവനക്കാരോടു വീട്ടിലിരിക്കാനാണു നിർദേശം. പുതിയ ഫണ്ട് ലഭിക്കും വരെ ശമ്പളമില്ലാതെ ജോലിയെടുക്കാൻ ചില വിഭാഗങ്ങളോടു നിർദേശിച്ചിട്ടുണ്ട്. സൈനിക വിഭാഗങ്ങളെ പ്രതിസന്ധി ബാധിക്കില്ല.

ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷം. എന്നാൽ, ധനകാര്യ ബിൽ പാസാകാൻ 60 അംഗങ്ങളുടെ പിന്തുണ വേണം. ശനിയാഴ്ച സെനറ്റിൽ അഞ്ചു റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെതിരെ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് വോട്ട് ചെയ്തു; ഡമോക്രാറ്റിക് പാർട്ടിയിലെ നാലുപേർ തിരിച്ചും. ബിൽ വ്യാഴാഴ്ച ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. 

ഏഴു ലക്ഷത്തോളം വരുന്ന അനധികൃത യുവ കുടിയേറ്റക്കാർക്കു നൽകി വന്നിരുന്ന താൽക്കാലിക നിയമസാധുത റദ്ദാക്കിയ ട്രംപിന്‍റെ നയത്തിൽ പ്രതിഷേധിച്ചാണു ഡമോക്രാറ്റുകളുടെ നടപടി. പ്രതിസന്ധി തുടരുകയാണെങ്കിൽ സെനറ്റ് നിയമങ്ങൾ മാറ്റിയശേഷം ബിൽ പാസാക്കാനാണു ട്രംപിന്‍റെ നിർദേശം. 

click me!