കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സര്‍ക്കാര്‍ നടപടികള്‍ വൈകുന്നു

By Web DeskFirst Published Mar 23, 2017, 4:25 AM IST
Highlights

കോവളം കൊട്ടാരവും അനുബന്ധ ഭൂമിയും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്താന്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാറിന് നല്‍കിയ നിയമോപദേശം. വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശം ഭരണഘടനാപരമായ ഉത്തരവിലൂടെ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി നിലനില്‍ക്കില്ലെന്നും ഭൂമി സ്വകാര്യ ഗ്രൂപ്പിന് വിട്ട് നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതി വിധി.  ഇതനുസരിച്ച് കോവളം കൊട്ടാരമുള്‍ക്കൊള്ളുന്ന  64.05 ഏക്കര്‍ ഭൂമി വ്യവസായി രവി പിള്ളക്ക് കൈമാറണം. എന്നാല്‍ കൈവശാവകാശം മാത്രമെ വിട്ടു നല്‍കാനാകൂ എന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാറിന്  കിട്ടുംവിധം നിയമ നടപടികള്‍ക്കുള്ള അനുമതി തേടുന്ന ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനക്ക് അയച്ചു. 1932ല്‍ രാമവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പണിത കൊട്ടാരം ചരിത്രത്തിന്റെ ഭാഗമായതിനാല്‍ പൈതൃക സ്വത്തായി കണക്കാക്കി വിജ്ഞാപനമിറക്കുകയോ കൊട്ടാരം ഏറ്റെടുക്കാന്‍ പഴുതുകളടച്ച് നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാനാണ് ആലോചന. 

എന്നാല്‍ കൂടുതല്‍ നിയമ നടപടികള്‍ക്ക് സാഹചര്യം ഇല്ലാത്തതിനാല്‍ കൊട്ടാരം ഹോട്ടല്‍ ഉടമകള്‍ക്ക് വിട്ട് കൊടുക്കണമെന്ന നിയമ സെക്രട്ടറിയുടെ ഉപദേശം അറ്റോര്‍ണി ജനറല്‍ ശരിവെയ്ക്കുകയാണ്. മാത്രമല്ല കേന്ദ്ര സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമസാധുതയുണ്ടാകില്ലെന്നും വാദമുണ്ട്. ടൂറിസം വകുപ്പാകട്ടെ കൊട്ടാരം രവിപിള്ളക്ക് വിട്ടുകൊടുക്കാമെന്ന നിലപാടിലുമാണ്. പരമാധികാരം സ്വകാര്യ ഗ്രൂപ്പിന് കിട്ടിയാല്‍ കണ്ണായ ഭൂമി കീറിമുറിച്ച് വില്‍ക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് എ.ഐ.വൈ.എഫ് അടക്കമുള്ള സംഘടനകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.

click me!