സ്വാശ്രയ പ്രവേശനത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും; 11 ലക്ഷം ഫീസ് എല്ലാ കോളേജുകള്‍ക്കുമില്ല

By Web DeskFirst Published Aug 19, 2017, 7:32 PM IST
Highlights

സ്വാശ്രയ എം.ബി.ബി.എസ് ഫീസ് 11 ലക്ഷമാക്കി ഉയര്‍ത്തിയ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. അതിനിടെ സുപ്രീം കോടതി നിശ്ചയിച്ച 11 ലക്ഷം കോടതിയെ സമീപിച്ച രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമാണെന്ന് സര്‍ക്കാറിന് വിദഗ്ധോപദേശം കിട്ടി, സര്‍ക്കാറുമായി കരാര്‍ ഒപ്പിടാത്ത മറ്റ് കോളേജുകള്‍ ഇത് അംഗീകരിക്കുന്നില്ല.

സ്വാശ്രയ പ്രവേശനത്തിലെ കുഴഞ്ഞുമറിയല്‍ തുടരുന്നു. വൈകിയാണെങ്കിലും ഏകീകൃത ഫീസ് 11 ലക്ഷമാക്കിയ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാനുള്ള അപേക്ഷ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമ സെക്രട്ടറി നേരിട്ട് അടുത്ത ദിവസം സുപ്രീം കോടതിയിലെത്തി കാര്യങ്ങള്‍ വിശദീകരിക്കും. കോളേജുകളുടെ വരവ് ചെലവ് പരിശോധിച്ചാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി അഞ്ച് ലക്ഷം ഏകീകൃത ഫീസ് നിശ്ചയിച്ചതെന്ന് സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിക്കും. തിങ്കളാഴ്ച് കേസ് ഹൈക്കോടതി പരിഗണിക്കുമ്പോഴും സര്‍ക്കാര്‍ നിലപാട് അറിയിക്കും. താല്‍ക്കാലികമായി 11 ലക്ഷം ഫീസ് നിശ്ചയിച്ച സുപ്രീം കോടതി അന്തിമ തീരുമാനം ഹൈക്കോടതിക്ക് വിടുകയായിരുന്നു. 

അതിനിടെ സുപ്രീം കോടതി നിശ്ചയിച്ച 11 ലക്ഷം ഏകീകൃത ഫീസ് രണ്ട് കോളേജുകള്‍ക്ക് മാത്രം ബാധകമായിരിക്കുമെന്ന് സര്‍ക്കാറിന് വിദഗ്ധോപദേശം കിട്ടി. സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. കോടതിയെ സമീപിച്ച കെ.എം.സി.ടി, ശ്രീനാരായണ മെഡിക്കല്‍ കോളേജുകള്‍ക്ക് മാത്രമായിരിക്കും 11  ലക്ഷമെന്ന ഉപദേശമാണ് കിട്ടിയത്.  ബാക്കി കോളേജുകളില്‍ അഞ്ച് ലക്ഷമായിരിക്കും ഫീസ്. ഇതനുസരിച്ചാണ് രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടിക പുറത്തിറക്കിയത്. അതേ സമയം സര്‍ക്കാറുമായി കരാ‌ര്‍ ഒപ്പിടാത്ത മറ്റ് കോളേജുകള്‍ ഇത് അംഗീകരിക്കുന്നില്ല.  അതിനിടെ കരാറില്‍ നിന്നും പിന്മാറിയ എം.ഇ.എസ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. കരാര്‍ ഒപ്പിടാത്ത മറ്റ് കോളേജുകളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ചുരുക്കത്തില്‍ ഫീസിന്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം തീരുന്നില്ല.

 

click me!