​ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ജയിൽ ഉദ്യോ​ഗസ്ഥരുടെ കുറവ് കാരണമായി; മൊഴി നൽകി ഉദ്യോ​ഗസ്ഥർ

Published : Jul 26, 2025, 08:14 PM IST
govindachami

Synopsis

ഗോവിന്ദച്ചാമി ജയില്‍ചാടാന്‍, സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാനകാരണമായെന്ന് ജയില്‍ ഉദ്യാഗസ്ഥരുടെ മൊഴി.

കണ്ണൂർ: ഗോവിന്ദച്ചാമി ജയില്‍ചാടാന്‍, സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടെ കുറവ് പ്രധാനകാരണമായെന്ന് ജയില്‍ ഉദ്യാഗസ്ഥരുടെ മൊഴി. പല ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നതിനാല്‍ ശ്രദ്ധക്കുറവുണ്ടായെന്ന് അന്വേഷണസംഘത്തോട് ഉദ്യോഗസ്ഥര്‍ വിവരിച്ചു. കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം കിട്ടുന്നുണ്ടെന്ന ഗോവിന്ദച്ചാമിയുടെ മൊഴിയിലും കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങി. ജയില്‍ അഴികള്‍ മുറിച്ചതിന് ഗോവിന്ദച്ചാമിക്കെതിരായ കേസില്‍ ഒരു വകുപ്പ് കൂടി അന്വേഷണസംഘം കൂട്ടിച്ചേര്‍ത്തു.

ജയില്‍ചാട്ടം അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് സെന്‍ട്രല്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. തടവുകാരുമായി തട്ടിച്ചുനോക്കുമ്പോള്‍ ആനുപാതികമായി ഉദ്യോഗസ്ഥരില്ലാത്തതാണ് പിഴവിന് പ്രാധാന കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ വിവരിച്ചു. ഗോവിന്ദച്ചാമി ജയില്‍ചാടിയ ദിവസംപോലും നിശ്ചയിച്ച ഡ്യൂട്ടിക്ക് പുറമെ മറ്റ് ഉത്തരവാദിത്തങ്ങള്‍കൂടി പല ജീവനക്കാര്‍ക്കും ഏറ്റെടുക്കേണ്ടി വന്നത് തിരിച്ചടിയായി.

ജയിലില്‍ ഗോവിന്ദച്ചാമിക്ക് ഒപ്പം കഴിഞ്ഞിരുന്ന തമിഴ്നാട്ടുകാരനായ സഹതടവുകാരന്‍റെ ഉള്‍പ്പടെയുള്ള മൊഴികള്‍ വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. ജയില്‍ചാട്ടത്തിന് പുറമെ പൊതുമുതല്‍ നശിപ്പിച്ചതിനും ഇന്ന് ഗോവിന്ദച്ചാമിക്കെതിരെ കുറ്റം ചുമത്തി. ജയിലിലെ ഇരുമ്പ് അഴികള്‍ മുറിച്ചതിനാണ് ഇത്. കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലില്‍ ജയിലില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും സുലഭമെന്ന് മൊഴി നല്‍കിയ ഗോവിന്ദച്ചാമി ഇതെല്ലാം ഉപയോഗിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. ജയില്‍ചാട്ടത്തിന് പിടിയിലായി, കോടതി റിമാന്‍റ് ചെയ്തതിനു പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ ഇന്നലെ ഗോവിന്ദച്ചാമിയെ എത്തിച്ചിരുന്നു. സുരക്ഷാ പിഴവുകള്‍ മുന്‍നിര്‍ത്തി ഇന്ന് പുലര്‍ച്ചെ വിയ്യൂര്‍ സെന്‍ട്രൽ ജയിലിലേക്ക് ഗോവിന്ദച്ചാമിയെ മാറ്റി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ