
ജില്ലക്കു പുറക്കേക്ക് കള്ളുകൊണ്ടുപോകാൻ പെർമിറ്റുള്ള സംസ്ഥാനത്തെ രണ്ട് റെയിഞ്ചുകള്‍ ചിറ്റൂരും കൊല്ലങ്കോടും. കണ്ണൂരൊഴികെ കാസർകോടുമുതൽ കൊല്ലം വരെ ജില്ലകളിലേക്ക് വാഹനങ്ങളിൽ നിറച്ചു കൊണ്ടുപോകുന്നത് പ്രധാനമായും ചിറ്റൂരു നിന്നുള്ള കള്ളാണ്. ഇത് യഥാർത്ഥ കള്ളാണോ?. അതോ, അളവിലും വീര്യത്തിലും ക്രിത്രിമം കാട്ടിയുണ്ടാക്കുന്ന വ്യാജക്കള്ളാണോ?.കൃത്രിമത്വം കണ്ടെത്താൻ ചെക്പോസ്റ്റുകളിലെ സംവിധാനം പര്യാപതമാണോ? ഈ കാര്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിച്ചു
ചിറ്റൂരില്‍ നിന്നാണ് തിരുവനന്തപുരവും കണ്ണൂരുമൊഴികെയുള്ള 12 ജില്ലകളിലേക്കും കള്ള് കൊണ്ടു പോകുന്നതിന്‍റെ
യാതൊരു പരിശോധനയും കൂടാതെയാണ് ഈ കള്ള് അതിർത്തി കടന്ന് പോകുന്നത്. കള്ള് മാത്രമാണോ, അതോ മറ്റെന്തെങ്കിലും രാസ വസ്തുക്കൾ ഇതിലടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മണത്തു നോക്കലല്ലാതെ എക്സൈസിന് ഈ ചെക്പോസ്റ്റിൽ സംവിധാനങ്ങളില്ല.
ചിറ്റൂരിലെ ചില കള്ളുഷാപ്പുകളിൽ നിന്ന് ശേഖരിച്ച കള്ളിന്‍റെ കഴിഞ്ഞമാസം ലഭിച്ച പരിശോധനാ ഫലം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കള്ളിന്‍റെ അളവും വീര്യവും കൂട്ടാൻ മയക്കു ഗുളികയും, സ്പിരിറ്റും, മറ്റുചില വസ്തുക്കളും ചേർത്തിട്ടുണ്ടെന്ന് ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. ഇതുപോലെത്തന്നെയാണോ ഇപ്പോഴും കാര്യങ്ങൾ എന്നന്വേഷിച്ചു. ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരന്നു.
തൊഴിലാളികൾക്ക് പോലും പ്രവേശനമില്ലാത്ത പ്രത്യകം ഷെഡ്ഡുകളിലാണ് കള്ളു നിർമാണം. 5 ലിറ്റർ കള്ളിനെ 5 ഉം ആറും ഇരട്ടിയാക്കുന്ന വിദ്യ. കള്ളിനൊപ്പം, സ്പിരിറ്റും, പച്ചവെള്ളവും, പഞ്ചസാരയും, കട്ടികൂട്ടാൻ സ്റ്റാർച്ചും ചേർക്കുന്നതാണ് ഒരു തരം. പ്രത്യേക തരം പേസ്റ്റ് വെള്ളത്തിൽ കലക്കിയും കള്ളുണ്ടാക്കും. വീര്യം കൂട്ടാൻ, മയക്കു ഗുളിക. അങ്ങനെ കള്ളുണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്. ഇതിൽ യഥാർത്ഥ കള്ള് മണത്തിന് മാത്രം മതി.
വിഷാദ രോഗത്തിനുപയോഗിക്കുന്ന മയക്കു ഗുളികയുടെ അമിതോപയോഗം മരണത്തിനു വരെ കാരണമായേക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. കരൾ, രോഗം മുതൽ വിഷാദം വരെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും, വൻ മദ്യ ദുരന്തത്തിനുമൊക്കെ കാരണമാകുന്ന ഈ വ്യാജ കള്ള് നിർമാണം തടയാൻ അടിയന്തിര നടപടികളുണ്ടായേ പറ്റൂ.
അതേസമയം സംസ്ഥാനത്ത് മദ്യ നയം വലിയ ചർച്ചയാകുമ്പോഴും, കള്ളുൽപ്പാദനത്തിലെയും കണക്കുകളിലെയും കൃത്രിമത്വം തുടരുകയാണ്. ഇല്ലാത്ത തെങ്ങുകൾ ചെത്തുന്നതായി കാട്ടിയാണ് പലരും പെർമിറ്റെടുക്കുന്നത്. സമാന്തരചെറുകിട മാഫിയകളായി പ്രവർത്തിക്കുന്നവർക്കിടയിൽ കാര്യക്ഷമായി പ്രവർത്തിക്കാൻ സംവിധാനങ്ങളില്ലെന്ന് ഉദ്യോഗസ്ഥരും രഹസ്യമായി പറയുന്നു.
മൂന്നും നാലും തോട്ടങ്ങളിലെ ആയിരക്കണക്കിന് തെങ്ങുകൾക്ക് കരമടച്ച അബ്കാരികൾ പക്ഷേ ഇതിന്‍റെ നാലിലൊന്നു തെങ്ങുകൾ ചെത്തുന്നില്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്. എങ്കിലും പെർമിറ്റിനു തുല്യമായ അളവിൽ കള്ള് പുറ്ത്തേക്കു കൊണ്ടുപോകുന്നു. കുടുതൽ പരിശോധനകൾ വേണ്ടാത്ത വിധത്തിൽ എക്സൈസിന് കണക്ക് കൃത്യമാകുന്നവിടെയാണ്.
യഥാർത്ഥത്തിൽ ചെത്തുന്ന തെങ്ങിന്‍റെ കണക്കോ,ശേഖരിക്കുന്ന കള്ളിന്‍റെ അളവോ രേഖപ്പെടുത്താൻ യാതൊരു സംവിധാനങ്ങളുമില്ല. ഇവിടങ്ങളിലെ പരിശോധന അത്ര എളുപ്പമല്ലെന്നും ചില ഉദ്യോഗസ്ഥർ തുറന്നു പറയുന്നു.
സംസ്ഥാനത്തെ 5000 ത്തോളം വരുന്ന കള്ളുഷാപ്പുകളിലേക്ക് കള്ള് കൊണ്ടുപോകുന്ന ചിറ്റൂരിൽ മാത്രം 2000ത്തിലേറെ തോപ്പുകളുണ്ട്. ഇവിടങ്ങളിൽ കൃത്രിമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ട ചിറ്റൂർ റേഞ്ച്ഓഫീസിൽ ആകെയുള്ളത് 20 ജീവനക്കാർ.
ചുരുക്കത്തിൽ കുടിക്കുന്നവർക്കും, വിൽക്കുന്നവർക്കും ഉദ്യോഗസ്ഥർക്കുമൊക്കെയറിയാം കള്ളിലെ മായം കലരുന്ന വഴികൾ. നിയമങ്ങളില്ലാത്തതല്ല പ്രശ്നം. നടപ്പാക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരുണ്ടാകണം. പരിശോധന സംവിധാനങ്ങൾ കാലോചിതമായിപരിഷ്കരിക്കണം. സർക്കാറിന്‍റെ അടിയന്തിര ശ്രദ്ധ ഈ മേഖലയിലേക്ക് തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam