കതിരൂര്‍ മനോജ് വധം ഭീകരപ്രവര്‍ത്തനമല്ലെന്ന് സര്‍ക്കാര്‍

Published : Oct 05, 2017, 06:36 PM ISTUpdated : Oct 05, 2018, 03:21 AM IST
കതിരൂര്‍ മനോജ് വധം ഭീകരപ്രവര്‍ത്തനമല്ലെന്ന് സര്‍ക്കാര്‍

Synopsis

കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിന്റെ കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായി കാണാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പരമാധികാരം എന്നിവക്ക് ഭീഷണിയായ ഒന്നും കേസിലില്ല. അതിനാല്‍ യുഎപിഎ നിയമ പ്രകാരമുള്ള കുറ്റകൃത്യമായി ഈ സംഭവത്തെ കാണാനാവില്ലെന്നും അഡീഷണല്‍ സെക്രട്ടറി സിംജി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

യുഎപിഎ നിയമപ്രകാരം നടപടി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കണം, കേസില്‍ യുഎപിഎ ചുമത്തിയത് റദ്ദാക്കണം, പ്രോസിക്യൂഷന്‍ അനുമതിക്കുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനാണ് തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ച് കേസിലെ ഒന്നാം പ്രതി വിക്രമന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസിലെ 25ാം പ്രതി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സമാനമായ ആവശ്യമുന്നയിച്ച് ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

സാഹചര്യം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് പ്രോസിക്യൂഷന്‍ അനുമതി നല്‍കാമെന്നാണ് യുഎപിഎ നിയമം പറയുന്നതെന്ന് സത്യവാങ്മൂലം പറയുന്നു. പക്ഷെ, സിബിഐ ഒരിക്കല്‍ പോലും അനുമതിക്കായി സമീപിച്ചില്ല. യുഎപിഎ നിയമത്തിലെ മൂന്നാം അധ്യായത്തില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ട്.

ഒരു സംസ്ഥാനത്തിന് അകത്ത് മാത്രം നടക്കുന്ന അന്വേഷണത്തിന് ആ സര്‍ക്കാരിന്റെ സമ്മതം നിര്‍ബന്ധമാണ്. സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തതും അന്വേഷണം പൂര്‍ത്തിയാക്കിയതും. കൊലപാതകം നടന്നിരിക്കുന്നത് കേരളത്തിന്റെ അധികാരപരിധിക്ക് അകത്താണ്. സംഭവം ഭീകരപ്രവര്‍ത്തനമാണെന്ന് ആരോപണമില്ല. ഇതിനാലൊക്കെയും കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനാണെന്ന് സത്യവാങ്മൂലം പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്
കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'