
തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ക്കും ഓഫീസുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി നാളെ സര്‍ക്കാര്‍ ചര്‍ച്ച നടത്തും.കോളേജുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. സര്‍ക്കാറിനെ മറികടന്ന് മാനേജുമെന്റുകള്‍ പ്രവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് പറഞ്ഞു. ജിഷ്ണുവിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു.
ജിഷ്ണുവിന്റെ മരണത്തെതുടര്‍ന്ന് നെഹ്‌റു കോളേജിനും സ്വാശ്രയ മാനേജ്‌മെന്റ് ഓഫീസിനും നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാതലത്തിലായിരുന്നു മാനേജ്‌മെന്റ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ അനിശ്ചിതകാല സമരം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയതോടെ മാനേജ്‌മെന്റ് അസോസിയേഷന്‍ നിലപാട് മയപെടുത്തി. മന്ത്രിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
എന്നാല്‍ ജിഷ്ണുമാര്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ മറി കടന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ പരിശോധിച്ച് ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. രാവിലെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ആത്മഹത്യാകുറിപ്പ് മാനേജ്‌മെന്റിന്റെ കള്ളകഥയാണെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മന്ത്രിയോട് പറഞ്ഞു.
അതിനിടെ ഹോസ്റ്റല്‍ ഒഴിയാന്‍ പാന്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് വീണ്ടും നിര്‍ദ്ദേശം നല്‍കി. ഒഴിഞ്ഞ് പോകാത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്നും ആക്ഷേപം ഉയന്നിട്ടുണ്ട്. ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘം ജിഷ്ണുവിന്റ മരണം സംബന്ധിച്ച കേസ് അന്വേഷണ ചുമതലയേറ്റെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam