ജിഎസ്‌ടി കൊള്ള തുടര്‍ന്ന് ഹോട്ടലുകള്‍

By Web DeskFirst Published Aug 26, 2017, 10:16 AM IST
Highlights

തിരുവനന്തപുരം: ചരക്കുസേവന നികുതി നടപ്പായതിന് ശേഷം ഏറ്റവും വലിയ കൊള്ള നടക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയിലാണ്. പഴയ വിലയില്‍നിന്ന് പഴയ നികുതികള്‍ കുറച്ചതിന് ശേഷം വേണം ജിഎസ്ടി ചുമത്തേണ്ടത് എന്നിരിക്കേ ആരും അതിന് തയ്യാറാകുന്നില്ല. ജിഎസ്‌ടിയുടെ പേരില്‍ മിക്ക ഹോട്ടലുകളും ഭക്ഷണവില വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഫലത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധനവാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയില്‍ ഉണ്ടായത്.

ഉച്ചയൂണിന് ഹോട്ടലിന്റെ വലിപ്പമനുസരിച്ച് 20 രൂപ മുതല്‍ 60 രൂപ വരെ വില കൂടി. നികുതിയടക്കമുള്ള പഴയ വിലക്ക് മേലാണ് ജിഎസ്‌ടി. അതായത് നമ്മളിപ്പോള്‍ നികുതിക്കും നികുതി കൊടുക്കണം. ഈ ബില്ല് കാണുക, കൊല്ലം ബീച്ച് റോഡിലുള്ള  ഈ ഹോട്ടലില്‍ കുപ്പിവെള്ളത്തിന് പരമാവധി വില്‍പ്പന വിലയേക്കാള്‍ അഞ്ചുരൂപ കൂടുതല്‍. അതിനുമേല്‍ ജിഎസ്‌ടിയും.

കൊച്ചി ബൈപാസിലെ മാളിലുള്ള  സ്നാക്‌സ് ബാറിലെത്തുമ്പോള്‍ കുടിവെള്ളം കുപ്പിയൊന്നിന് വില അന്‍പത് രൂപ. കൊച്ചി ഇന്‍ഫോ പാര്‍ക്കിനടുത്തുള്ള മിക്ക ഹോട്ടലുകളും ജിഎസ്ടിയുടെ പേരില്‍ വില കൂട്ടിയതിന് ശേഷമാണ് 18 ശതമാനം നികുതി ഈടാക്കുന്നത്. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം മാത്രം ഒരു ലക്ഷത്തോളം ഹോട്ടലുകള്‍ കേരളത്തിലുണ്ട്. കണക്കില്‍ പെടാത്തവ വേറെ.

സംസ്ഥാനത്ത് ഇതുവരെ ജിഎസ്ടി രജിസ്‍ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികള്‍, എല്ലാത്തരം ബിസിനസുകളും ചെയ്യുന്നവര്‍ 2,65,000. ഇതില്‍ ഭക്ഷണശാലകളുടെ എണ്ണം തുലോം തുച്ഛം.പക്ഷേ വലിപ്പച്ചെറുപ്പ ഭേദമില്ലാതെ മിക്ക ഹോട്ടലുകളും ജിഎസ്ടി ഈടാക്കുന്നുണ്ട്. ഈ പിരിക്കുന്ന പണത്തില്‍ സിംഹഭാഗവും സര്‍ക്കാരിന്റെ പെട്ടിയില്‍ വീഴുന്നില്ലെന്ന് അര്‍ത്ഥം.

click me!