
ഗാന്ധിനഗര്‍: ഗുജറാത്തിൽ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലാണ് കോൺഗ്രസും ബിജെപിയും. രണ്ടുവർഷം മുൻപ് ബിജെപി എംഎൽഎയെ ആക്രമിച്ച കേസിൽ അറസ്റ്റ് വാറണ്ട് വന്നതിന് പിന്നാലെ കീഴടങ്ങാൻ തയ്യാറാണെന്ന് ഹാർദിക് പട്ടേൽ വ്യക്തമാക്കി
182 അംഗ ഗുജറാത്ത് നിയമസഭയിൽ 150ൽകൂടുതൽ സീറ്റ് തൂത്തുവാരുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. എന്നാൽ ഈ മാർജിൻ വിജയം ബിജെപിക്ക് എളുപ്പമാകില്ല. 2014ൽ മോദിക്ക് പകരമെത്തിയ ആനന്ദീബെൻ പട്ടേലിനോ പിന്നീടുവന്ന വിജയ് രൂപാണിക്കോ ഭരണവിരുദ്ധ സമരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല. കോൺഗ്രസിൽ ചേർന്ന ഒബിസി പ്രക്ഷോഭ നേതാവ് അൽപേഷ് ഠാക്കൂറിനെയാണ് ബിജെപി കൂടുതൽ ഭയക്കുന്നതെന്ന് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വാക്കുകളിൽ നിന്ന് വ്യക്തം.
വിദ്യാഭ്യസത്തിലും ജോലിയിലും സംവരണം ആവശ്യപ്പെട്ട് സമരം നയിക്കുന്ന ഹാർദിക് പട്ടേൽലും ഉന പ്രക്ഷോഭത്തിനുശേഷം ദളിത് അവകാശപോരാട്ടം നയിച്ച ജിഗ്നേഷ് മേവാനിയും കോൺഗ്രസിനോടടുക്കുന്നതും ബിജെപിയെ ആശങ്കപ്പെടുത്തുന്നു. നോട്ടു നിരോധനവും പിന്നീടു നടപ്പാക്കിയ ജിഎസ്ടിയും ഗുജറാത്തിലെ കച്ചവടക്കാരുടെ നടുവൊടിച്ചു. ഇതിനെയൊക്കെ മറികടക്കാൻ മോദിയുടെ ജനസമ്മിതിക്ക് കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നു.
തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ ഗുജറാത്തിൽതന്നെ ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പത്തുശതമാനത്തിന്‍റെ വോട്ടുവത്യാസം മറികടക്കാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്നുതന്നെയാണ് ബിജെപി വിശ്വസിക്കുന്നത്. കൂടാതെ മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വകേലയുടെ ജൻ വികൽപ് പാടർട്ടി കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഡിസംബർ ഒൻപതിനും പതിനാലിനുമായി രണ്ടുഘട്ടങ്ങളായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam