ഗുജറാത്ത് കലാപത്തില്‍ തകര്‍ന്ന പള്ളികള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടെന്ന് സുപ്രീം കോടതി

By Web DeskFirst Published Aug 29, 2017, 12:10 PM IST
Highlights

ദില്ലി: ഗുജറാത്ത് കലാപത്തില്‍ തകര്‍ന്ന പള്ളികള്‍ പുനര്‍മ്മിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ചിലവില്‍ പള്ളികള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന അഹമദാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 2002ലെ ഗുജറാത്ത് കലാപത്തില്‍ 500 മുസ്‌ളീം പള്ളികളാണ് തകര്‍ക്കപ്പെട്ടത്. നിരവധി വീടുകളും വാണിജ്യസ്ഥാപനങ്ങളും തകര്‍ന്നു.

തകര്‍ന്ന പള്ളികള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് മുസ്‌ളീം സംഘടനകള്‍ നല്‍കിയ ഹര്‍ജി അഹമദാബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. സര്‍ക്കാര്‍ ചിലവില്‍ പള്ളികള്‍ പുനര്‍നിര്‍മ്മിച്ചുനല്‍കാന്‍ ഹൈക്കോടതി വിധിച്ചു. അത് ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പള്ളികള്‍ പുനര്‍നിര്‍മ്മിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. അഹമദാബാദ് ഹൈക്കോടതിയുടെ വിധി ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. 

ക്രമസമാധാനപാലനത്തില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് പള്ളികള്‍ ആക്രമിക്കപ്പെടാന്‍ കാരണമായതെന്നും അതുകൊണ്ട് ഉത്തരവാദിത്തം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണമെന്നും മുസ്‌ളീം സംഘടനകള്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കലാപത്തില്‍ തകര്‍ന്ന വീടുകളും പള്ളികളും വാണിജ്യസ്ഥാപനങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. കേടുപറ്റിയ വീടുകള്‍ നന്നാക്കാന്‍ 50,000 രൂപയുടെ സഹായമാണ് ഈ പദ്ധതിപ്രകാരം നല്‍കിയത്. 

സര്‍ക്കാര്‍ തയ്യാറാക്കിയ ഈ പദ്ധതി പര്യാപ്തമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പള്ളികള്‍ പുനര്‍നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന വിഷയമാണെന്നും, അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമായിരുന്നു കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.

click me!