ഗുല്‍ബര്‍ഗ റാഗിംഗ്: അശ്വതി ആശുപത്രി വിട്ടു

By Web DeskFirst Published Jul 19, 2016, 3:37 PM IST
Highlights

കോഴിക്കോട്: ഗുല്‍ബര്‍ഗയിവെച്ച് റാഗിങ്ങിനിടെ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയല്‍ ചികിത്സയിലായിരുന്ന അശ്വതി ആശുപത്രി വിട്ടു.കേരളത്തിലെ നഴ്‌സിംഗ് കോളേജില്‍ തുടര്‍പഠനം നടത്താനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞു. ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളേജില്‍ വെച്ച് സീനിയല്‍ വിദ്യാര്‍ത്ഥികള്‍ ഫിനോയില്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളം പൊള്ളി ഗുരുതരാവസ്ഥയിലായ അശ്വതിയെ കഴിഞ്ഞ മാസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്‍ഡോസ്കോപ്പി അടക്കമുള്ള ചികിത്സയും പരിചരണവും കഴിഞ്ഞ് അശ്വതി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഖരരൂപത്തിലുള്ള ഭക്ഷണം കഴിക്കാം.വീട്ടിലെത്തിയ ശേഷം രണ്ട് ആഴ്ചത്തെ പരിപൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇത്രയും ദിവസമായെങ്കിലും കര്‍ണാടകയിലെ കോളേജ് അധികൃതര്‍ ആരും ഇത് വരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് അശ്വതി പറയുന്നു.

കോളേജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വാങ്ങിയ ശേഷം നഴ്‌സിംഗ് പഠനം തുടരണമെന്നും കുറ്റക്കാര്‍ക്ക്ശിക്ഷ ലഭിക്കുന്നത് വരെ കേസുമായി മുന്നോട്ട് പോകുമെന്നും അശ്വതി പറയുന്നു. ഇതിനിടെ കേസ് പരിഗണിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഗുല്‍ബര്‍ഗ ബെഞ്ച്, പ്രതികളായ ലക്ഷ്മി, ആതിര എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചത്തേക്ക് മാറ്റി. കേസിലെ മൂന്നാം പ്രതി കൃഷ്ണപ്രിയക്ക് ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

click me!