
ദില്ലി: ബലാൽസംഗകേസിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമിത് റാംറഹിം സിംഗിന് സിബിഐ കോടതി 20 വർഷം കഠിന തടവ് വിധിച്ചു. രണ്ട് കേസുകളിലായി 10 വര്‍ഷം വീതം കഠിന തടവാണ് ശിക്ഷ വിധിച്ചത്. രണ്ട് ശിക്ഷകളും വെവ്വേറെ അനുഭവിക്കണം. ഗുര്‍മീതിന് 10 വര്‍ഷം ശിക്ഷ വിധിച്ചുവെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ട് ബലാല്‍സംഗക്കേസുകളിലായി 20 വര്‍ഷം കഠിന തടവാണ് സബിഐ കോടതി ശിക്ഷ വിധിച്ചതെന്ന് വിധിയുടെ വിശദാംശങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് വ്യക്തമായത്. ഇതിനുപുറമെ 58ലക്ഷം രൂപ പിഴയായി നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകന്‍ അറിയിച്ചു.
വിധി കേട്ട് പൊട്ടിക്കരഞ്ഞ് നിലത്ത് കിടന്ന ഗുർമീതിനെ സുരക്ഷാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് കോടതി മുറിക്കുള്ളിൽ നിന്ന് നീക്കി. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് റോതകിലെ ജില്ലാ ജയിലിലെ വായനാമുറി പ്രത്യേക സിബിഐ കോടതി മുറിയായി മാറി. ബലാൽസംഗകേസിൽ ദേരാസച്ചാസൈദ തലവൻ ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് ജഡ്ജി ജഗ്ദീപ് സിംഗ് വെള്ളിയാഴ്ച വിധിച്ചിരുന്നു. ഇന്ന് ശിക്ഷ പ്രഖ്യാപിക്കും മുമ്പ് പത്തു മിനിറ്റു വീതം വാദത്തിന് ഇരു ഭാഗങ്ങൾക്കും കോടതി അവസരം നല്‍കി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നല്‍കണമെന്നും സിബിഐ ആവശ്യപ്പെട്ടു. റാംറഹീം സമൂഹത്തിന് നല്കിയ സംഭാവനയും 50 വയസ് പ്രായവും കണക്കാക്കി കുറഞ്ഞ ശിക്ഷ നല്‍കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
കരഞ്ഞു കൊണ്ട് റാംറഹീം ജഡ്ജിയോട് മാപ്പപേക്ഷിച്ചു. എന്നാൽ 3 വർഷം തുടർച്ചയായി കുറ്റം ചെയ്തുവെന്നും മാപ്പ് അർഹിക്കുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 376 പ്രകാരം ബലാൽസംഗത്തിന് രണ്ട് കേസുകളിലും 10 വർഷം വീതം കഠിന തടവ് കോടതി വിധിച്ചു. ജയിൽ മാറ്റണമെന്ന് ഗുർമീത് ആവശ്യപ്പെട്ടപ്പോൾ ജയിലിലേക്ക് സ്യൂട്ട് കേസ് കൊണ്ടു വരാനും വളർത്തു മകളെ ഹെലികോപ്റ്ററിൽ കയറ്റാനും എന്തിന് സമ്മതിച്ചെന്ന് കോടതി പോലീസിനോട് ചോദിച്ചു. ജയിലിലെ ഭക്ഷണം കഴിക്കാനാകില്ലെന്ന ഗുർമീതിന്റെ വാദവും കോടതി തള്ളി. തുടർന്ന് തന്നെ കുടുക്കിയതാണെന്ന് കരഞ്ഞു പറഞ്ഞ് നിലത്തുകിടന്ന ഗുർമീത് റാം റഹിം സിംഗിനെ ബലംപ്രയോഗിച്ചാണ് താല്ക്കാലിക കോടതി മുറിക്കുള്ളിൽ നിന്ന് ഉദ്യോഗസ്ഥർ നീക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam