ദേരാ സഛാ ആശ്രമത്തിന്റെ പേരിലുള്ള 90 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

By Web DeskFirst Published Sep 20, 2017, 3:18 PM IST
Highlights

ദില്ലി: ബലാത്സംഗക്കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിമിന്റെ ദേരാ സഛാ ആശ്രമത്തിന്റെ പേരിലുള്ള 90 ബാങ്ക് അക്കൗണ്ടുകള്‍ ഹരിയാന സര്‍ക്കാര്‍ മരവിപ്പിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹരിയാന സര്‍ക്കാര്‍ ഗുര്‍മീത് റാം റഹിമിന്‍റെ ദേരാ സച്ചാ സൗദാ ആശ്രമത്തിന്‍റെ 90 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഈ അക്കൗണ്ടുകളില്‍ എത്ര രൂപയുണ്ടെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ല.

എന്നാല്‍ മൂന്ന് അക്കൗണ്ടുകളില്‍ മാത്രം 60 കോടിയിലേറെ രൂപയുണ്ടെന്ന് സിര്‍സയില്‍ നടത്തിയ റെയ്ഡിനിടെ പോലീസിന് വിവരം ലഭിച്ചിരുന്നു. അതിനിടെ ഗുര്‍മീതിനെ കുറ്റക്കാരനായി കണ്ടെത്തിയതിന് പിന്നാലെയുണ്ടായ കലാപക്കേസില്‍ ഒളിവില്‍ പോയ വളര്‍ത്തുമകള്‍ ഹണിപ്രീതിനും ഗുര്‍മീതിന്റെ അനുയായികളില്‍ പ്രധാനിയായ ആദിത്യ ഇന്‍സാനുമായി പോലീസ് അന്വേഷണം നേപ്പാളിലേക്ക് വ്യാപിപ്പിച്ചു. ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ട് പോവും വഴി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന കേസും ഇവര്‍ക്കെതിരെയുണ്ട്.

പോലീസ് പിടികൂടേണ്ടവരുടെ പട്ടികയില്‍ ഒന്നാമതായി ഹണിപ്രീതിനെ ഉള്‍പ്പെടുത്തി തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഹണിപ്രീതിനെ നേപ്പാളില്‍ കണ്ടെന്ന രഹസ്യ വിവരം പോലീസിന് കിട്ടുന്നത്. നേപ്പാളില്‍ വ്യാപകമായി ലുക്കൗട്ട് നോട്ടീസുകള്‍ പോലീസ് പതിച്ചു. ഹണിപ്രീത് രൂപം മാറാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒരുക്കുകയാണ് പോലീസ്.

ഈ ചിത്രങ്ങള്‍ കൂടി ജനങ്ങളിലെത്തിക്കും. റോത്തക്കിലെ സുനരിയ ജയിലില്‍ കഴിയുന്ന ഗുര്‍മീത് ജയില്‍ അധികൃതരെ അനുസരിച്ച് തുടങ്ങി. ഗുര്‍മീതിനെ ജയിലിലലെ പച്ചക്കറി തോട്ടത്തിലാണ് അധികൃതര്‍ നിയോഗിച്ചത്. 20 രൂപ ദിവസക്കൂലിയാവും കോടീശ്വരനായ ഗുര്‍മീതിന് ജയിലിലെ ജോലിക്ക് കിട്ടുക.

 

click me!