
ദില്ലി: ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും അസാധാരണ നീക്കങ്ങള്‍ക്കും ശേഷമാണ് ഹാദിയയെ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഹാദിയയുടെ വാക്കുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ പരിഭാഷപ്പെടുത്തി. വിവാഹം റദ്ദാക്കിയ നടപടി നിലനില്ക്കുകയാണെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ പ്രതികരിച്ചപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഷെഫിന് ഹാദിയയെ കാണാമെന്നായിരുന്നു ഷെഫിന്റെ അഭിഭാഷകന്റെ പ്രതികരണം.
ഹാദിയയുടെ നിലപാട് കേട്ട ശേഷം കേസില്‍ തുടര്‍നിലപാട് സുപ്രീംകോടതി വ്യക്തമാക്കും എന്നായിരുന്നു നിയമവിദഗ്ധരുടെ പ്രതീക്ഷ. മൂന്നു മണിക്ക് തുടങ്ങിയ കോടതി നടപടി അവസാനിച്ചത് അഞ്ചു മണിക്ക്. സുപ്രീം കോടതി സാധാരണ പിരിയുന്നത് നാലുമണിക്കാണ്. എന്നാല്‍ ഒന്നര മണിക്കൂര്‍ കൂടി ഈ കേസിലെ വാദം നീണ്ടു. രണ്ട് മണിക്ക് തുറന്ന കോടതിയിലെ വാദം ഒഴിവാക്കാന്‍ അശോകന്റെ അഭിഭാഷകന്‍ ശ്രമം നടത്തിയെങ്കിലും ഇത് അനുവദിച്ചില്ല.
എന്നാല്‍ കോടതിയില്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ ഈ വാദം വീണ്ടും അഭിഭാഷകന്‍ ഉന്നയിച്ചു. ഹാദിയയുടെ മനോനിലയും മറ്റുവിഷയങ്ങളും പരിശോധിച്ച ശേഷം ഹാദിയയെ കേട്ടാല്‍ മതിയെന്ന നിലപാടില്‍ ഒരു വട്ടം കോടതി എത്തി. സ്റ്റോക്ക്‌ഹോം സിന്‍ട്രോം എന്ന വാക്ക് ഉപയോഗിച്ച കോടതി ബന്ദിയാക്കുന്നവരോട് ആകര്‍ഷണം തോന്നുന്ന സാഹചര്യം ചില കേസുകളില്‍ ഉണ്ട് എന്നും പരാമര്‍ശിച്ചു. കേരളസര്‍ക്കാരിന്റെ അഭിഭാഷകനും ഹാദിയയെ പിന്നീട് കേട്ടാല്‍ മതിയെന്ന നിലപാടിനോട് യോജിച്ചു.
എന്തു വേണമെങ്കിലും തീരുമാനിച്ചോളൂ എന്ന് ഈ ഘട്ടത്തില്‍ കപില്‍ സിബല്‍ പറഞ്ഞത് കോടതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് സിബല്‍ മാപ്പു പറഞ്ഞു. ഹാദിയയെ ഇന്നു തന്നെ കേള്‍ക്കണം എന്ന് പിവി ദിനേശ് ശക്തമായി ആവശ്യപ്പെട്ടതിലും കോടതി അതൃപ്തി രേഖപ്പെടുത്തിയ ശേഷമാണ് ഈ നടപടിയിലേക്ക് കടന്നത്.
ഹാദിയ മലയാളത്തില്‍ സംസാരിക്കാമെന്ന് വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വി ഗിരി കോടതിക്കും ഹാദിയയ്ക്കും ഇടയിലെ പരിഭാഷകനായി. പേരു ചോദിച്ചപ്പോള്‍ ഹാദിയയെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കോളേജിലേക്കുള്ള ദൂരം, പഠനം എത്രവരെയായി തുടങ്ങിയ കാര്യങ്ങള്‍ കോടതി ചോദിച്ചു. ഒടുവില്‍ അഞ്ചരയോടെ കോടതി ഉത്തവ് പറഞ്ഞു തുടങ്ങി
സുപ്രീംകോടതി നടപടിയ്ക്ക് ശേഷം വെവ്വേറെ കാറുകളിലായാണ് ഹാദിയയും മാതാപിതാക്കളും മടങ്ങിയത്. ദില്ലിയിലെത്തിയത് മുതല്‍ അടുത്തടുത്ത വെവ്വേറെ മുറികളിലായാണ് ഹാദിയയും മാതാപിതാക്കളും താമസം. കോടതി വിധിയിയ്ക്ക് ശേഷവും മാതാപിതാക്കള്‍ ഹാദിയയുടെ മുറിയിലെത്തുകയും ഒന്നിച്ചിരിക്കുകയും ചെയ്തു. ടിക്കറ്റ് ശരിയായാല്‍ മാതാപിതാക്കള്‍ നാളെത്തന്നെ നാട്ടിലേക്ക് മടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam