
ദില്ലി: സുപ്രീംകോടതിയിൽ ഹാജരാകാൻ ദില്ലിയിലെത്തിയ ഹാദിയക്ക് കനത്ത സുരക്ഷ. കേരള ഹൗസിൽ മാധ്യമങ്ങൾക്കും അതിഥികൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഭര്‍ത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ദില്ലിക്ക് പുറപ്പെടുന്നതിന് മുൻപ് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പറയാനുള്ളത് വ്യക്തമായി പറഞ്ഞാണ് ഹാദിയ കേരളത്തിൽ നിന്ന് ദില്ലയിലേക്ക് വിമാനം കയറിയത്. ദില്ലി വിമാനത്താവളത്തിൽ രാത്രി 9.45ന് ഹാദിയയും കുടുംബവും എത്തി. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹാദിയയെ പുറത്തേക്ക് കൊണ്ടുവരാൻ പൊലീസ് കനത്ത സുരക്ഷയൊരുക്കി. ഹാദിയ ഉടൻ പുറത്തേക്ക് വരുമെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടയിൽ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മറ്റൊരു ഗേറ്റിലൂടെ ഹാദിയെയും കുടുംബത്തെയും പൊലീസ് കേരള ഹൗസിലേക്ക് കൊണ്ടുപോയി.
രാത്രി 11 മണിയോടെ ഹാദിയ കേരള ഹൗസിൽ എത്തി. കേരള ഹൗസ് പരിസരത്ത് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതിഥികളല്ലാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കേരള ഹൗസിലെ കാന്‍റീനും പൊലീസ് അടപ്പിച്ചു. മാധ്യമങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തി. ദില്ലിയിലെത്തിയ ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി വിദ്യാര്‍ത്ഥികൾ കേരള ഹൗസിലേക്ക് എത്തി.
നാളെ സുപ്രീംകോടതിയിൽ പോകാനായി മാത്രമെ ഹാദിയ പുറത്തേക്ക് ഇറങ്ങൂ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഹാദിയയുടെ അച്ഛൻ അശോകൻ ഇന്ന് അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ന് രാത്രി ഹാദിയയുടെ ഭര്‍ത്താവ് ഷെഫിൻ ജഹാനും എത്തും. ഹൈക്കോടതി വിവാഹം റദ്ദാക്കിയ ശേഷം ആദ്യമായാണ് ഷെഫിൻ ജഹാനും ഹാദിയയും പരസ്പരം കാണുന്നത്.