ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പായാല്‍ 50 ശതമാനം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും പൂട്ടേണ്ടിവരുമെന്ന് തോമസ് ഐസക്ക്

By Web DeskFirst Published Jul 7, 2016, 5:52 AM IST
Highlights

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ കേരളത്തിലെ 50 ശതമാനം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും പൂട്ടേണ്ടിവരുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. പൊതു വിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാവും മുന്‍ഗണന. ബജറ്റ് തയ്യാറാക്കുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ അങ്ങനെയാണ് ഇങ്ങനെയായത് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഐസക്. 

വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ചുപണിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അണ്‍ എയിഡഡ് രംഗത്ത് നടമാടുന്ന അനാവശ്യമായ പ്രവണതകള്‍ക്ക് അന്ത്യം കുറിക്കുന്ന നയമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇതിനായി ഭരണ തുടര്‍ച്ച ഉണ്ടാകണം. എന്നാല്‍ തുടര്‍ച്ചയായി കുറേക്കാലം ഒരേ സര്‍ക്കാര്‍ തന്നെ ഭരിക്കുന്നതിനോട് യോജിക്കുന്നില്ല. എങ്കിലും ഏറ്റവും കുറഞ്ഞപക്ഷം പത്തു വര്‍ഷത്തേക്കെങ്കിലും ഒരു സര്‍ക്കാര്‍ തുടരുന്നതാണ് നല്ലത്. ഇത്തവണത്തെ ഭരണം കൊണ്ട് അതിനുള്ള  അര്‍ഹത എല്‍.ഡി.എഫ് നേടിയെടുക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സംസ്ഥാനത്തിന് വന്‍കിട പദ്ധതികള്‍ ആവശ്യമാണെന്ന കാര്യത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. എന്നാല്‍ അതോടൊപ്പം സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ പദ്ധതികളും അതിനുള്ള ഫണ്ടും കണ്ടെത്തുന്നതായിരിക്കും പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാലാകാലങ്ങളില്‍ സര്‍ക്കാരുകളുടെ മാറ്റത്തിനനുസരിച്ച് പാഠ്യപദ്ധതിയിലുണ്ടാകുന്ന മാറ്റം ദുരന്തമാണ്. ഇതിനൊരു മാറ്റം ഉണ്ടാകേണ്ടതുണ്ട്. 

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കേരളത്തിന്റെ മണ്ണും മനുഷ്യനെയും വീണ്ടെടുക്കാനുള്ള കരുതലും ബജറ്റിലുണ്ടാകുമെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

ഐസക്കുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം അങ്ങനെയാണ് ഇങ്ങനെയായത് പരിപാടിയില്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് കാണാം.

click me!